മെർളിൻ മേരി അഗസ്റ്റിൻ, പി.ആർ.ഒ
ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു.
ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ജോസ് തോമസ് (ചെയർ, ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേലും സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെയും വിവിധ സംഘടനാ പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. തുടർന്ന് വിൻസെന്റ് ഇമ്മാനുവേൽ 2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ചും വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ, ഫിലഡൽഫിയ–കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.
2015 മുതൽ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായി നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതായും, ഫിലഡൽഫിയ സിറ്റി മേയറുടെയും മറ്റ് ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിവേദനങ്ങൾ സമർപ്പിച്ചതായും, സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം നടത്തി വിമാനത്താവള അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.
ഫിലഡൽഫിയ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ, സമൂഹത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച വിശദമായ അവതരണങ്ങൾ, വിമാനസർവീസ് വികസനവുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി, വിവിധ ജനപ്രതിനിധികളുടെയും ഭരണനേതൃത്വത്തിന്റെയും പിന്തുണ ഉറപ്പാക്കിയത് തുടങ്ങിയ സുപ്രധാന ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി അവതരിപ്പിച്ചു.
ഈ പ്രഖ്യാപനത്തിന്റെ പൂർണ്ണമായ അംഗീകാരം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ മാത്രം അവകാശപ്പെടാനാവില്ലെന്നും, ഫിലഡൽഫിയയിൽ നിന്നുള്ള കേരള വിമാനസർവീസിന്റെ ആവശ്യകത വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, സമൂഹത്തിന്റെ ശബ്ദം വിമാനത്താവള അധികൃതരിലേക്കും വിമാനക്കമ്പനികളിലേക്കും നയരൂപീകരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ സജീവവും ശ്രദ്ധേയവുമായ പങ്കുവഹിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
സമ്മേളനത്തിൽ സംസാരിച്ച വിവിധ സംഘടനാ നേതാക്കൾ ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും, ഭാവിയിൽ കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അഭിപ്രായപ്പെട്ടു.
പ്രസ് മീറ്റിൽ ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി, ഡബ്ല്യു.എം.സി ഫിലഡൽഫിയ സെക്രട്ടറി ലൂക്കോസ് മാത്യു, ഡബ്ല്യു.എം.സി വൈസ് ചെയർ ജെയിംസ് പീറ്റർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഡബ്ല്യു.എം.സി ഫിലഡൽഫിയ ചെയർപേഴ്സൺ അജി പണിക്കർ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജീമോൻ ജോർജ്, ഏഷ്യാനെറ്റ് പ്രതിനിധിയും ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്ററുമായ അരുണ്‍ കോവാട്ട്, ഓർമ്മാ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ഏറോപാക്‌സ് ട്രാവൽസിന്റെ ജോർജ് പനയ്ക്കൽ, ജോർജുകുട്ടി അമ്പാട്ട്, ജേക്കബ് കോര, ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റ് സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് എന്നിവർ ഉൾപ്പെടെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും പത്രമാധ്യമങ്ങളുടെയും പ്രതിനിധികൾ സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്തു. ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.
ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വിമാനക്കമ്പനികൾ, വിമാനത്താവള അധികൃതർ, വിവിധ മലയാളി സംഘടനകൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.
click on malayalam character to switch languages