1 GBP = 128.66
breaking news

മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍…; വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും അവരാണ് ഊര്‍ജമെന്നും വിളിച്ച് പറഞ്ഞ് കൂടുതല്‍ സെലിബ്രിറ്റികള്‍

മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍…; വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും അവരാണ് ഊര്‍ജമെന്നും വിളിച്ച് പറഞ്ഞ് കൂടുതല്‍ സെലിബ്രിറ്റികള്‍

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചു. യുവാക്കള്‍ നമ്മുടെ സ്വത്താണെന്നും അവരുടെ ശബ്ദം കേള്‍ക്കണമെന്നുമാണ് മമ്മൂട്ടിയുടെ പ്രതികരണം. യുവാക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടെന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചു. തങ്ങളുടെ അധ്വാനം പാഴായെന്ന് യുവാക്കള്‍ക്ക് തോന്നാന്‍ അവസരമുണ്ടാക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രതികരിച്ചു.

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികളെത്തുന്നതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവാക്കളാണ് നമ്മുടെ നാടിന്റെ സ്വത്ത്. അവരുടെ ശബ്ദം ശ്രദ്ധിക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടന്‍ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെയുള്ള നിരവധി മലയാളി താരങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും ടൊവിനോ യുവമോര്‍ച്ചയുടെ നേരിട്ടുള്ള പ്രതിഷേധവും നേരിട്ടിരുന്നു. വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്നിരിക്കുന്നത്.

രാഷ്ട്രീയത്തിനും അതീതമായി മനുഷ്യത്വം നിലകൊള്ളണമെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവാക്കള്‍ക്ക് ചോദ്യം ചോദിക്കാനും സംവദിക്കാനും അവകാശമുണ്ട്. പരീക്ഷാ സമ്പ്രദായത്തിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കണം. നമ്മളുടെ മക്കള്‍ക്ക് ഭയമല്ല പ്രതീക്ഷയാണ് നല്‍കേണ്ടതെന്നും അവരുടെ സ്വപ്‌നങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

തന്റെ പിതാവ് പകര്‍ന്നുനല്‍കിയ ഒരു ജീവിതപാഠം പങ്കുവച്ചുകൊണ്ടായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം. തോറ്റുപോയാലും കള്ളത്തരം ചെയ്ത് ജയിക്കരുതെന്നാണ് പിതാവ് പഠിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ കഠിനാധ്വാനം കൊണ്ട് യാതൊരു ഫലവുമില്ലെന്ന് കുട്ടികള്‍ക്ക് തോന്നാന്‍ പാടില്ല. സ്വപ്‌നവും ഊര്‍ജവും കൊണ്ട് സമ്പന്നമായിരിക്കണം നമ്മുടെ യുവത. അവരാണ് നമ്മുടെ വിജയത്തിനുള്ള കരുത്ത്. അവരുടെ അധ്വാനവും സത്യസന്ധതയും കഴിവും വിജയിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്നും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more