ക്രോയിഡോൺ ‘പുതുപ്പള്ളിയായി’; ചാണ്ടി ഉമ്മന് ഉജ്ജ്വല സ്വീകരണം നൽകി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ
Jul 12, 2026
ലണ്ടൻ. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ യുകെ സന്ദർശനത്തിന് ക്രോയിഡണിൽ ആവേശകരമായ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ സംഘടിപ്പിച്ച ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സമ്മേളനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. വെറും രണ്ട് ദിവസത്തെ മുന്നൊരുക്കത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ലഭിച്ച ജനപങ്കാളിത്തം സംഘാടകരെ പോലും അമ്പരപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു. ക്രോയിഡണിലെ കല്യാണി റെസ്റ്റോറന്റിൽ നടന്ന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ ഹാൾ നിറഞ്ഞു. നിരവധി പേർ നിന്നുകൊണ്ടാണ് ചടങ്ങ് വീക്ഷിച്ചത്. തിരുവനന്തപുരത്തു മുതൽ കാസർകോട് വരെയുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പരിപാടിയിൽ പങ്കെടുത്തു. ചാണ്ടി ഉമ്മനെ നേരിൽ കാണാനും സംസാരിക്കാനുമായി എത്തിയവരുടെ തിരക്ക് പരിപാടിയുടെ പ്രധാന ആകർഷണമായി.
ജനങ്ങൾക്കിടയിൽ സമയം ചെലവഴിച്ച് ഓരോരുത്തരെയും നേരിൽ കണ്ടും കുടുംബവിശേഷങ്ങൾ ചോദിച്ചറിഞ്ഞും ചാണ്ടി ഉമ്മൻ നടത്തിയ ആശയവിനിമയം ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയശൈലിയുടെ തുടർച്ചയാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലും പ്രകടമായതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പിണറായി സർക്കാരിനെതിരായ വിമർശനങ്ങളും വിശദീകരിച്ചു സമ്മേളനത്തിൽസംസാരിച്ച ചാണ്ടി ഉമ്മൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന രാഷ്ട്രീയ നീക്കങ്ങൾ ഓർമിപ്പിച്ചു. സമാനമായ സമീപനമാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെയും തുടരുന്നതെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനസേവനത്തിന്റെ തുടർച്ചയായി നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.
ഐഒസി യുകെ നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷത വഹിച്ചു. സറെ റീജൺ പ്രസിഡന്റ് വിൽസൺ ജോർജ് സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനപങ്കാളിത്തം സാധ്യമായത് പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് സുജു കെ ഡാനിയേൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി യുകെയിലെ കോൺഗ്രസ് പ്രവർത്തകർ കാത്തിരുന്ന ഒരു സംഗമമാണ് യാഥാർഥ്യമായതെന്ന് കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ് പറഞ്ഞു. ജയരാജ് നടത്തിയ പ്രഭാഷണവും ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തിയ തോമസ് ഫിലിപ്പിന്റെ പ്രസംഗവും ചടങ്ങിൽ ശ്രദ്ധേയമായി. യുവജന വിഭാഗം പ്രസിഡന്റ് എഫ്രേം സാമിന്റെ നേതൃത്വത്തിൽ യുവജനങ്ങളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് കൂടുതൽ ഊർജം പകർന്നു.
നാഷണൽ വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, അപ്പ ഗഫൂർ, ജനറൽ സെക്രട്ടറിമാരായ അഷ്റഫ് അബ്ദുല്ല, അജിത് വെണ്മണി, സൂരജ് കൃഷ്ണൻ, സെക്രട്ടറി റോണി ജേക്കബ്, പി ആർ ഒ അജി ജോർജ്ജ്,ജിബിൻ,ഈസ്റ്റ് ലണ്ടൻ പ്രസിഡന്റ് ഷൈനു മാത്യു, ഇപ്സ്വിച്ച് പ്രസിഡന്റ് ബാബു മങ്കുഴിയിൽ, ബിർമിംഹാം പ്രതിനിധി രാജപ്പൻ വർഗീസ്, വാറ്റ്ഫോർഡ് പ്രതിനിധി ജിസാ ഷെറിൻ എന്നിവരടക്കം ഐ.ഒ.സി.യുടെ വിവിധ ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് ശേഷം ഒരുക്കിയ സൗഹൃദ വിരുന്നിലും പങ്കെടുത്തവർ ഒന്നിച്ചുകൂടി. യുകെ മലയാളികളുടെ സമീപകാലത്തെ ശ്രദ്ധേയമായ രാഷ്ട്രീയ-സാമൂഹിക സംഗമങ്ങളിലൊന്നായി ക്രോയിഡണിലെ മീറ്റ് ആൻഡ് ഗ്രീറ്റ് സമ്മേളനം മാറിയെന്നാണ് പങ്കെടുത്തവരുടെ വിലയിരുത്തൽ.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages