1 GBP = 127.92
breaking news

ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും പദയാത്രയും ജൂലൈ 19-ന് എയ്ൽസ്‌ഫോർഡിൽ; വിപുലമായ ഒരുക്കങ്ങളുമായി യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭ.

ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും പദയാത്രയും ജൂലൈ 19-ന് എയ്ൽസ്‌ഫോർഡിൽ; വിപുലമായ ഒരുക്കങ്ങളുമായി യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭ.

അരുൺ വർഗ്ഗീസ്

ലണ്ടൻ: മലങ്കര സഭയുടെ ഐക്യശിൽപ്പിയും നവോത്ഥാന നായകനുമായ ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 73-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ വിശുദ്ധ കുർബാനയും പദയാത്രയും ജൂലൈ 19-ന് എയ്ൽസ്‌ഫോർഡിലെ Aylesford Prioryയിൽ നടക്കും. യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ലണ്ടൻ റീജിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ–യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. റവ. ഡോ. ചെറിയാൻ കോട്ടയിൽ, റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OIC, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും.

ഉച്ചയ്ക്ക് 12.30-ന് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് അനുസ്മരണ സമ്മേളനവും വൈകിട്ട് 3.00-ന് എം.സി.വൈ.എം. ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ പദയാത്രയും നടക്കും.
റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OIC, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗം പരിപാടിയുടെ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ബിനോജ് ജോൺ പ്രോഗ്രാം കൺവീനറായും റീനോ ജേക്കബ് സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ജൂലൈ 1 മുതൽ 15 വരെ എം.സി.വൈ.എം. അംഗങ്ങളുടെ അനുസ്മരണ സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇതേ കാലയളവിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ദിവസേന ഓൺലൈൻ ജാഗരണ പ്രാർഥനയും സംഘടിപ്പിക്കും.

ലണ്ടൻ റീജിയന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് ലണ്ടൻ, ഈസ്റ്റ് ലണ്ടൻ, ലൂട്ടൺ, ക്രോയ്ഡൺ, അഷ്ഫോർഡ്, സൗത്താംപ്ടൺ, ഇപ്സ്വിച്ച്, കേംബ്രിഡ്ജ്, വർത്തിംഗ് എന്നീ മിഷനുകൾ പരിപാടികളുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

എയ്ൽസ്‌ഫോർഡിലെ ഈ സംഗമം വിശ്വാസത്തിന്റെയും സഭൈക്യത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും ശക്തമായ സാക്ഷ്യമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ എല്ലാ വിശ്വാസികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more