ബോസ്റ്റൺ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തുവിട്ട ആത്മവിശ്വാസവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തിൽ തിരിച്ചടി. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അച്ചടക്കമുള്ള പ്രതിരോധവുമായി ഇറങ്ങിയ ഘാന, ഇംഗ്ലണ്ടിനെ ഗോളില്ലാ സമനിലയിൽ തളച്ചു. ഈ സമനിലയോടെ ഗ്രൂപ്പ് എൽ-ൽ ഒന്നാമതാണെങ്കിലും, നോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ടിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.
ക്രൊയേഷ്യയ്ക്കെതിരെ മികച്ച ഫുട്ബോൾ കാഴ്ചവെച്ച ഇംഗ്ലണ്ടിന് ഘാനയുടെ പ്രതിരോധം ഭേദിക്കാൻ സാധിച്ചില്ല. ആദ്യ 57 മിനിറ്റ് വരെ ഇംഗ്ലണ്ടിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിഞ്ഞില്ല എന്നത് തോമസ് തുഷേലിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായി. ഘാനയാകട്ടെ, പ്രതിരോധത്തിൽ ഊന്നുകയും ഇടയ്ക്കിടെയുള്ള കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലീഷ് പ്രതിരോധത്തെ വിറപ്പിക്കുകയും ചെയ്തു.
മത്സരത്തിൽ ഗോൾ കണ്ടെത്താൻ തുഷേൽ പല പരീക്ഷണങ്ങളും നടത്തി. ആന്റണി ഗോർഡന് പകരം ബുക്കായോ സാകയെയും ജൂഡ് ബെല്ലിങ്ഹാമിന് പകരം മോർഗൻ റോജേഴ്സിനെയും കളത്തിലിറക്കി. സാകയുടെ ഒരു മികച്ച ഷോട്ട് ഘാന ഗോളി ബെഞ്ചമിൻ അസാരെ തട്ടിയകറ്റിയപ്പോൾ, പകരക്കാരനായി എത്തിയ നിക്കോ ഒറില്ലിയുടെ ഹെഡർ ബാറിൽ തട്ടി മടങ്ങി. മാർക്ക് ഗുഹിയുടെ മറ്റൊരു ഹെഡർ ഗോൾലൈനിൽ വെച്ചാണ് ഘാന പ്രതിരോധം രക്ഷപ്പെടുത്തിയത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇംഗ്ലീഷ് താരം എസ്രി കോൻസ ബോക്സിനുള്ളിൽ ഘാനയുടെ പ്രിൻസ് ക്വാബേന അദുവിനെ വീഴ്ത്തിയെങ്കിലും, റഫറി പെനാൽറ്റി അനുവദിച്ചില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയൊരു രക്ഷപ്പെടലായിരുന്നു ഇത്.
തുഷേലിന്റെ വിശ്വാസം ആവോളം ലഭിച്ചിട്ടും തുടർച്ചയായ രണ്ടാം മത്സരത്തിലും ആന്റണി ഗോർഡൻ നിറംമങ്ങി. മാർക്കസ് റാഷ്ഫോർഡ് ടീമിൽ ഇടംപിടിക്കാൻ കാത്തുനിൽക്കെ ഗോർഡന്റെ സ്ഥാനം ഇതോടെ പരുങ്ങലിലായി. നോനി മഡൂകെ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പാനമയ്ക്കെതിരെ ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് നോക്കൗട്ട് ഘട്ടത്തിൽ സുരക്ഷിത സ്ഥാനമുറപ്പിക്കാനാകൂ. താരതമ്യേന ദുർബലരായ ഘാനയ്ക്കെതിരായ ഈ സമനില ഇംഗ്ലീഷ് ക്യാമ്പിന് വലിയ പാഠമാണ് നൽകിയിരിക്കുന്നത്.
click on malayalam character to switch languages