ബേൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും സ്വിറ്റ്സർലൻഡിൽ എത്തിയതായി ഞായറാഴ്ച ഇസ്ലാമാബാദ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
സ്വിറ്റ്സർലൻഡിലെ ലൂസേൺ നഗരത്തിനടുത്തുള്ള പ്രശസ്തമായ ബർഗൻസ്റ്റോക്ക് ആൽപൈൻ റിസോർട്ടിലാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ സാങ്കേതികതല ചർച്ചകൾ നടക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നേരത്തെ ഒപ്പുവെച്ച 14 ഇന “ഇസ്ലാമാബാദ് ധാരണാപത്രം ” അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ചർച്ചകൾ. ഈ താൽക്കാലിക കരാറിലെ നിർണായക വ്യവസ്ഥകൾ നടപ്പിലാക്കുക എന്നതാണ് സ്വിറ്റ്സർലൻഡ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കലും പശ്ചിമേഷ്യയിൽ പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിക്കലുമാണ് പ്രധാന അജണ്ടകൾ.കരാർ പൂർണ്ണമായി നടപ്പിലാക്കാൻ ഇരുവിഭാഗത്തിനും 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരും അമേരിക്കൻ സംഘത്തിലുണ്ട്. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഇറാന്റെ സെൻട്രൽ ബാങ്ക്, പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയും മധ്യസ്ഥനായി ചർച്ചകളിൽ പങ്കെടുക്കുന്നു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ അതിർത്തിയിലുണ്ടായ കടുത്ത വ്യോമാക്രമണങ്ങളെത്തുടർന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഈ ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ ഉണ്ടായ ശേഷമാണ് ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് വരാൻ തയ്യാറായത്.
click on malayalam character to switch languages