1 GBP = 124.55
breaking news

കൈരളി യുകെ സാംസ്‌കാരിക സംഗമം കാൻവാസ് 2026 ജൂൺ 20 ന്.

കൈരളി യുകെ സാംസ്‌കാരിക സംഗമം കാൻവാസ് 2026 ജൂൺ 20 ന്.

ലണ്ടൻ :- കൈരളി യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഗമം കാൻവാസ് 2026 ന്റെ ഒരുക്കങ്ങൾ പുർത്തിയായതായി കൈരളി യുകെ ഭാരവാഹികൾ അറിയിച്ചു. 2026 ജൂൺ 20 ന് ലണ്ടനിലെ വെംബ്ലിയിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ അരുൺ കുമാർ മുഖ്യതിഥിയായി പങ്കെടുക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരികോത്സവം രാത്രി 10 മണി വരെയായിരിക്കും.

ഡോ.അരുൺ കുമാറിനെ കൂടാതെ മുൻ കേരള ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു ഐ എ എസ്, ശാരദ മുരളീധരൻ ഐ എ എസ് , ഓൺലൈൻ വാർത്ത മാധ്യമത്തിലൂടെ ശ്രേദ്ധേയയായ സുനിത ദേവദാസ്, സോഷ്യൽ മീഡിയയിലൂടെ ഏറെ പരിചിതനായ യുവ ആക്ടിവിസ്റ്റ് ഫ്രഡ്‌ഡി ഫ്രാൻസിസ് , പ്രശസ്ത സിനിമ താരം ദിനേശ് പ്രഭാകർ , അനൂപ് രവീന്ദ്രൻ, സിനിമ സംവിധായികയും മലയാളത്തിലെ ആദ്യകാല വനിതാ മാധ്യമപ്രവർത്തകയുമായ ഡോ ഗീത ജയറാം തുടങ്ങിയവർ നയിക്കുന്ന സംവാദങ്ങൾ കാൻവാസിൽ പ്രധാന ആകർഷണമായിരിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഒത്തുചേരുന്ന കൈരളി യു കെ യുടെ സാംസ്കാരികോത്സവത്തിൽ മാധ്യമങ്ങളിലെ സത്യവും മിഥ്യയും, മലയാള സിനിമ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ എന്നിവക്ക് പുറമെ കഥകളി ഉൾപ്പെടെയുള്ള കേരളത്തിൻ്റെ പരമ്പരാഗത കലാരൂപങ്ങൾ, നാടൻ പാട്ടുകൾ, സംഗീത നിശ എന്നിവയും അരങ്ങേറും. കൂടാതെ സാഹിത്യ ചർച്ചകൾക്കും പുസ്തക പ്രദർശനങ്ങൾക്കുമായി പ്രത്യേക വേദികളും , കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അവർക്കു മാത്രമായ വിനോദത്തിനു വേണ്ടിയുള്ള പ്രത്യേകം സ്റ്റാളുകളും ഉണ്ടായിരിക്കും. കേരളത്തിൻ്റെ തനത് രുചികൾ ലഭ്യമാകുന്ന നാടൻ ചായക്കടയും മിട്ടായി കടകളും പരമ്പരാഗത വസ്ത്രങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകളും, എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്ന തരത്തിലുള്ള മറ്റു സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

സാംസ്‌കാരിക വിനിമയത്തിനും സൗഹൃദങ്ങൾ പുതുക്കുന്നതിനുമായി ഒരുക്കുന്ന കാൻവാസ്‌2026 ന്റെ വിരുന്നിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനർ കുര്യൻ ജേക്കബ്, കൈരളി യുകെ നാഷണൽ സെക്രട്ടറി നവിൻ ഹരി, കൈരളി യുകെ നാഷണൽ പ്രസിഡന്റ് രാജേഷ് ചെറിയൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more