1 GBP = 127.34
breaking news

ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക്ക് മത്സരത്തിന് ഒഴിഞ്ഞ കസേരകള്‍; ഫിഫയുടെ ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധം

ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക്ക് മത്സരത്തിന് ഒഴിഞ്ഞ കസേരകള്‍; ഫിഫയുടെ ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധം

മെക്‌സിക്കോ സിറ്റി: ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചുകൊണ്ടാണ് ദക്ഷിണ കൊറിയ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. എന്നാല്‍ കൊറിയയുടെ ഈ ഉജ്ജ്വല തിരിച്ചുവരവിനേക്കാള്‍, ചര്‍ച്ചയാവുന്നത് എസ്റ്റാഡിയോ അക്രോണ്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകളാണ്. ഫിഫയുടെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കസേരകള്‍ കാലിയാവാന്‍ കാരണം. മത്സരത്തിന് 44,985 കാണികള്‍ എത്തിയെന്നാണ് ഫിഫ ഔദ്യോഗികമായി അറിയിച്ചതെങ്കിലും, 46,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിലെ ടിക്കറ്റ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണെന്ന വാദങ്ങള്‍ക്ക് അടിവരയിടുന്നുതാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് വിലയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ലോകത്തെ മറ്റ് പ്രമുഖ കായിക മാമാങ്കങ്ങളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വില കൂടുതലല്ലെന്നാണ് ടൂര്‍ണമെന്റിന്റെ തലേന്ന് വ്യക്തമാക്കിയത്. എന്നാല്‍, ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഫിഫയ്‌ക്കെതിരെ ആരാധകരും ഫാന്‍സ് അസോസിയേഷനുകളും വിമര്‍ശനം കടുപ്പിച്ചു.

ടിക്കറ്റ് നിരക്കിലെ അമിതമായ വര്‍ദ്ധനവാണ് കാണികള്‍ കുറയാന്‍ കാരണമെന്ന് സ്റ്റേഡിയത്തിലെത്തിയ പല ആരാധകരും ചൂണ്ടിക്കാട്ടി. കണക്കുകള്‍ പ്രകാരം, 2022-ലെ ഖത്തര്‍ ലോകകപ്പിനെ അപേക്ഷിച്ച് 2026-ല്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടെന്നാണ് ഫിഫ അവകാശപ്പെടുന്നതെങ്കിലും, ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ഫിഫയുടെ ഒഫീഷ്യല്‍ റീസെയില്‍ പ്ലാറ്റ്ഫോമില്‍ ഏതാണ്ട് 1,80,000 ടിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൂര്‍ണമെന്റിനോടുള്ള ജനങ്ങളുടെ താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ഫിഫയുടെ വാദം. ടിക്കറ്റുകള്‍ക്കായുള്ള ആവശ്യം തങ്ങള്‍ പ്രതീക്ഷിച്ചതിലും പത്തിരട്ടിയാണെന്നും ടൂര്‍ണമെന്റിലുടനീളമായി ഇതിനകം 60 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നും ഇന്‍ഫാന്റിനോ അടുത്തിടെ പറഞ്ഞിരുന്നു. ടിക്കറ്റ് വിവാദം അമേരിക്കയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more