1 GBP = 127.23
breaking news

നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ

നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ

ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി

ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് വിതരണവും ഡിസംബർ 12-ന് ബിർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കരോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കൽ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂർവ വേദിയായിരിക്കും.

സുറിയാനി പാരമ്പര്യത്തിൽ നിന്നുള്ള “നുഹ്റോ” (Nuhro) എന്ന വാക്കിന്റെ അർത്ഥം “ഇരുളിൽ പ്രകാശിക്കുന്ന വെളിച്ചം” എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോൾ മത്സരത്തിന് “നുഹ്റോ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സ്തേഫനോസ് നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി ഫാ. ബിനോയ് ജോഷുവയും കോർ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കുന്നതിനായി നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ചടങ്ങിൽ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നഴ്സുമാരെ ഈ അവാർഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓർഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവർത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more