1 GBP = 127.51
breaking news

റൺവേ തൊടുന്നതിന് തൊട്ടുമുമ്പ് വിമാനം രണ്ട് തവണ ലാൻഡിങ് ഉപേക്ഷിച്ചു; യാത്രക്കാർ സുരക്ഷിതർ

റൺവേ തൊടുന്നതിന് തൊട്ടുമുമ്പ് വിമാനം രണ്ട് തവണ ലാൻഡിങ് ഉപേക്ഷിച്ചു; യാത്രക്കാർ സുരക്ഷിതർ

ബൊഗോട്ട: റൺവേ തൊടുന്നതിന് തൊട്ടുമുമ്പ് വിമാനം രണ്ട് തവണ ലാൻഡിങ് ഉപേക്ഷിച്ചു പെട്ടെന്ന് ഉയർന്നു പൊങ്ങിയത് കൊളംബിയയിൽ യാത്രാവിമാനത്തിലെ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. കൊളംബിയൻ നഗരമായ പാസ്റ്റോയിലെ മലമുകളിലുള്ള വിമാനത്താവളത്തിലാണ് അവിയങ്ക എയർലൈൻസിന്റെ AV9401 ഫ്ലൈറ്റിന് ലാൻഡിങ് പ്രതിസന്ധി നേരിട്ടത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിൽ, ദുർഘടമായ ഭൂപ്രകൃതിയിലുള്ള വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ വിമാനം ആദ്യമായി താഴേക്ക് വന്നപ്പോഴാണ് പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് അവസാന നിമിഷം പൈലറ്റ് ലാൻഡിങ് ഉപേക്ഷിച്ച് വിമാനം കുത്തനെ മുകളിലേക്ക് ഉയർത്തിയത്. തുടർന്ന് രണ്ടാമതും ലാൻഡിങ്ങിനായി വിമാനം താഴ്ന്നു പറന്നെങ്കിലും വീണ്ടും ‘ഗോ-എറൗണ്ട്’ (ലാൻഡിങ് ഉപേക്ഷിച്ചു വീണ്ടും പറന്നുയരുന്ന സുരക്ഷാ രീതി) നടത്തേണ്ടി വന്നു.

വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം നിരന്തരം ലാൻഡിങ് ഉപേക്ഷിച്ചതോടെ യാത്രക്കാർ ഭയന്നുവിറക്കുകയും പലരും ഉറക്കെ കരയുകയും ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉയർന്ന പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും പൈലറ്റുമാർക്ക് കനത്ത വെല്ലുവിളിയാണ്. കാറ്റിന്റെ ദിശയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങളും കുറഞ്ഞ വായുസമ്മർദവും കാരണം അതീവ കൃത്യതയോടെ മാത്രമേ ഇവിടെ വിമാനങ്ങൾ ഇറക്കാനാകൂ. അതുകൊണ്ടുതന്നെ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് വിമാനക്കമ്പനികൾ ഇത്തരം റൂട്ടുകളിൽ നിയോഗിക്കാറുള്ളത്.

വിമാനം പിന്നീട് മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടോ അതോ സുരക്ഷിതമായി ലാൻഡ് ചെയ്തോ എന്നതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്.‘കാലാവസ്ഥാ വ്യതിയാനമാണ് ലാൻഡിങ് ബുദ്ധിമുട്ടിലാക്കിയത്. ലാൻഡിങ് സുരക്ഷിതമല്ലെന്ന് തോന്നുമ്പോൾ പൈലറ്റുമാർ അത് ഉപേക്ഷിക്കുകയോ വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്യും. ഇത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ സാധാരണ ഭാഗം മാത്രമാണ്. യാത്രക്കാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. അവിയങ്ക എയർലൈൻസ് വക്താവ് വ്യക്തമാക്കി.

ലാൻഡിങ് മാനദണ്ഡങ്ങൾ പൂർണ്ണമാകാത്ത സാഹചര്യങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ പൈലറ്റുമാർ സ്വീകരിക്കുന്ന സുരക്ഷിതമായ അന്താരാഷ്ട്ര മാർഗ്ഗമാണിതെന്ന് വ്യോമയാന വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more