യുക്മ റീജിയണൽ കായികമേളകൾക്ക് ഇന്ന് യോർക്ക്ഷയറിൽ തുടക്കം. ദേശീയ കായികമേള ജൂൺ 20 ന് ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിൽ ……
May 23, 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുകെയിലെ മലയാളി കായികപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള 2026 ന് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾക്ക് ഇന്ന് (23/05/2026, ശനി) യോർക്ക്ഷയർ ആൻ്റ് ഹംബർ റീജിയനിൽ തുടക്കം കുറിക്കുന്നു. ജൂൺ 20 ന് ബർമിംഗ്ഹാമിനടുത്തുള്ള സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്ററിലാണ് യുക്മ ദേശീയ കായികമേള സംഘടിപ്പിക്കുന്നത്. ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ അതിവേഗം നടന്ന് വരികയാണെന്ന് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ കായികമേള 2026 ൻ്റെ നിയമാവലി റീജിയണൽ കമ്മിറ്റികൾ വഴിയായി മുഴുവൻ അംഗ അസോസിയേഷനുകളിലും എത്തിച്ചതായി കായികമേളയുടെ ചുമതലയുള്ള ദേശീയ ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, റെയ്‌മോൾ നിധീരി എന്നിവർ അറിയിച്ചു.
ഇന്ന് നടക്കുന്ന യുക്മ യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായികമേളയുടെ ഉദ്ഘാടനം ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിർവ്വഹിക്കും. റീജിയണൽ പ്രസിഡൻ്റ് അമ്പിളി മാത്യൂസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയൽ മുഖ്യാതിഥിയാകും. റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ് ദേശീയ സമിതിയംഗം ജോസ് വർഗ്ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും.
റീജിയണൽ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി അജു തോമസ്, ട്രഷറർ ഡോ. ശീതൾ മാർക്ക്, സ്പോർട്സ് കോർഡിനേറ്റർ സുജേഷ് പിള്ള എന്നിവർ അറിയിച്ചു. റീജിയണൽ ഭാരവാഹികളായ ജിജോ ചുമ്മാർ, ഡോ. അൻജു ഡാനിയൽ, ജേക്കബ്ബ് കളപ്പുരയ്ക്കൽ, വിമൽ ജോയി, ബിജിമോൾ രാജു, അരുൺ ഡൊമിനിക്, ആതിര മജ്നു, ബാബു സെബാസ്റ്റ്യൻ, ഹരി കൃഷ്ണൻ, അലീന അലക്സ്, എൽദോ അബ്രാഹം, റൂബിച്ചൻ, റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലുമാണ് കായികമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. ബാൺസ്‌ലി കേരള കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ബാൺസ്‌ലിയിലെ ഡൊറോത്തി ഹൈമൻ സ്‌റ്റേഡിയത്തിലാണ് നടത്തപ്പെടുന്നത്.
click on malayalam character to switch languages