1 GBP = 124.74
breaking news

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; തിരുവല്ല സ്വദേശിയായ അജയ് പോളിന്റെ വിയോഗം ഹൃദയാഘാതത്തെത്തുടർന്ന്

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; തിരുവല്ല സ്വദേശിയായ അജയ് പോളിന്റെ വിയോഗം ഹൃദയാഘാതത്തെത്തുടർന്ന്

തിരുവല്ല വളഞ്ഞവട്ടം സ്വദേശിയായ മലയാളി യുവാവ് അജയ് പോള്‍ (41) നോട്ടിങ്ഹാമില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. യുകെയിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മകളിലും സഭാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി ആശുപത്രി ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കവെ അജയിന് കടുത്ത തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് യുകെയില്‍ നഴ്‌സായ ഭാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും, കുറച്ചു സമയത്തിന് ശേഷം അജയിന് നേരിയ ആശ്വാസം തോന്നി. തുടര്‍ന്ന്, ഒന്‍പത് വയസ്സുകാരിയായ മകളെ സ്‌കൂളില്‍ വിട്ട ശേഷം വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി ദമ്പതികള്‍ പുറത്തിറങ്ങിയെങ്കിലും, വീടിന്റെ മുറ്റത്തുവെച്ച് അജയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷയായി സി.പി.ആര്‍ (CPR) നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു.

പത്ത് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജയിനെ അതിവേഗം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ (A&E) എത്തിച്ചു. തീവ്രപരിചരണത്തിനിടെ പള്‍സ് തിരികെ ലഭിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും, തൊട്ടുപിന്നാലെ വീണ്ടും കടുത്ത ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

തിരുവല്ല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വളഞ്ഞവട്ടം ഇടവകാംഗമാണ് പരേതനായ അജയ് പോള്‍. കൂടാതെ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ശുശ്രൂഷക സംഘം (AMOSS) യൂണിറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിലവില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുകെയിലെ നിയമനടപടികള്‍ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കുടുംബസുഹൃത്തുക്കളുടെയും സഭാ അധികൃതരുടെയും നോട്ടിങ്ഹാമിലെ മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. നഴ്‌സായ ഭാര്യയും ഒന്‍പത് വയസ്സുള്ള മകളുമടങ്ങുന്നതാണ് അജയിന്റെ കുടുംബം.

അജയ് പോളിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more