1 GBP = 128.74
breaking news

എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന് ആവേശകരമായ തുടക്കം; നിറഞ്ഞു കവിഞ്ഞ് യുകെകെസിഎ കമ്മ്യുണിറ്റി സെന്റർ

എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന് ആവേശകരമായ തുടക്കം; നിറഞ്ഞു കവിഞ്ഞ് യുകെകെസിഎ കമ്മ്യുണിറ്റി സെന്റർ

ബിർമിംഗ്ഹാം: എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിനും സമ്മേളനത്തിനും വോൾവർഹാംപ്‌റ്റണിൽ തുടക്കമായി. രാവിലെ എട്ടുമണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷമാണ് ആദ്യ സെഷനുകൾക്ക് തുടക്കമായത്. ആദ്യ മണിക്കൂറുകളിൽ തന്നെ അഞ്ഞൂറിലധികം നേഴ്‌സുമാർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഹാളിൽ പ്രവേശിച്ചത് യുഎൻഎഫ് ദേശീയ സമ്മേളനത്തിന് ഇതിനകം തന്നെ ലഭിച്ച വൻപിച്ച ജനപിന്തുണയാണ് വെളിവാക്കുന്നത്.

വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ അറുന്നൂറിലധികം നേഴ്സുമാരുടെ രജിസ്‌ട്രേഷൻ നടപടികൾ രജിസ്‌ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി തന്നെ പൂർത്തിയാക്കിയിരുന്നു. സമ്മേളനത്തിയ നേഴ്‌സുമാർക്ക് യുക്‌മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, മറ്റു ദേശീയ റീജിയണൽ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്‌സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.

“Educate, Envision, Liberate” എന്ന മുദ്രാവാക്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മലയാളി നേഴ്സുമാർക്കായി സംഘടിപ്പിച്ച ആതുരസേവനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ റീൽ മത്സരം, പോസ്റ്റർ ഡിസൈൻ മത്സരം തുടങ്ങിയ ഇനങ്ങളിൽ ഇതിനകം തന്നെ അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ലഭിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകും.

സമ്മേളനത്തിൽ എൻ എം സി സീനിയർ നഴ്‌സിംഗ് അഡ്വൈസർ പൗള മക്ലാരൻ സ്പെഷ്യൽ ഗസ്റ്റായി പങ്കെടുക്കുമ്പോൾ ഡഡ്‌ലി എൻ എച്ച് എസ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രാൻസ്ഫോർമേഷൻ & ഇംപ്രൂവ്മെൻ്റ് മാനേജർ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണർ ആയിരിക്കും. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ, ഡോ. സുരേഷ് മേനോൻ, മാർഗരറ്റ് ഗാർബറ്റ്, സാമന്ത മക്‌ഡണൽ, കെവിൻ ക്രിമ്മൻസ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

യുകെയിലെ നഴ്‌സിംഗ് അദ്ധ്യാപന, സേവന മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. യുകെയിലെ മലയാളി നഴ്‌സസിനെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ നഴ്‌സുമാരുടെ പത്ത് ടീമുകളാണ് സമ്മേളനത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്‌സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ യു എൻ എഫ് ദേശീയ സമ്മേളനത്തിൻ്റെ മാറ്റ് കൂട്ടും. നഴ്‌സിംഗ് സമൂഹത്തിൻ്റെ ഐക്യം, കഴിവ്, സാംസ്കാരിക വൈവിധ്യം എന്നിവയെ ഒരുമിപ്പിക്കുന്ന അഭിമാനകരമായ ആഘോഷമായിരിക്കും ഈ സമ്മേളനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more