1 GBP = 128.48
breaking news

എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്‌റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്‌സുമാർ

എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്‌റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്‌സുമാർ

കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്.

രാവിലെ എട്ടര മണിയോടെ തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്‌മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്‌സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്.

“Educate, Envision, Liberate” എന്ന മുദ്രാവാക്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ഈ ദേശീയ സമ്മേളനം ഇതിനോടകം തന്നെ യുകെയിൽ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗത്തിൻ്റെ പിന്തുണ ആർജ്ജിച്ച് കഴിഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മലയാളി നേഴ്സുമാർക്കായി സംഘടിപ്പിച്ച ആതുരസേവനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ റീൽ മത്സരം, പോസ്റ്റർ ഡിസൈൻ മത്സരം തുടങ്ങിയ ഇനങ്ങളിൽ ഇതിനകം തന്നെ അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ലഭിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകും.

സമ്മേളനത്തിൽ എൻ എം സി സീനിയർ നഴ്‌സിംഗ് അഡ്വൈസർ പൗള മക്ലാരൻ സ്പെഷ്യൽ ഗസ്റ്റായി പങ്കെടുക്കുമ്പോൾ ഡഡ്‌ലി എൻ എച്ച് എസ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രാൻസ്ഫോർമേഷൻ & ഇംപ്രൂവ്മെൻ്റ് മാനേജർ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണർ ആയിരിക്കും. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ, ഡോ. സുരേഷ് മേനോൻ, മാർഗരറ്റ് ഗാർബറ്റ്, സാമന്ത മക്‌ഡണൽ, കെവിൻ ക്രിമ്മൻസ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

യുകെയിലെ നഴ്‌സിംഗ് അദ്ധ്യാപന, സേവന മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. യുകെയിലെ മലയാളി നഴ്‌സസിനെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഊർജ്ജസ്വലരായ നഴ്‌സുമാരുടെ പത്ത് ടീമുകളാണ് സമ്മേളനത്തിൻ്റെ ഒരുക്കങ്ങളിൽ പങ്കെടുക്കുന്നത്. യുക്മ ദേശീയ ഭാരവാഹികൾ, ദേശീയ സമിതിയംഗങ്ങൾ, റീജിയണൽ കമ്മിറ്റികൾ എന്നിവർ പൂർണ്ണ പിന്തുണയോടെ സംഘാടക സമിതിക്കൊപ്പമുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നഴ്‌സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ യു എൻ എഫ് ദേശീയ സമ്മേളനത്തിൻ്റെ മാറ്റ് കൂട്ടും. നഴ്‌സിംഗ് സമൂഹത്തിൻ്റെ ഐക്യം, കഴിവ്, സാംസ്കാരിക വൈവിധ്യം എന്നിവയെ ഒരുമിപ്പിക്കുന്ന അഭിമാനകരമായ ആഘോഷമായിരിക്കും ഈ സമ്മേളനം.

കൂടുതൽ വിവരങ്ങൾക്ക് യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം (07450964670), യുക്മ നഴ്‌സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി (07729473749) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സമ്മേളനം നടക്കുന്ന വേദിയുടെ അഡ്രസ്സ്:

UKKCA COMMUNITY CENTRE,

83 WOODCROSS LANE,

BILSTON,

WOLVERHAMPTON.

WV14 9BW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more