1 GBP = 128.44
breaking news

അമേരിക്ക നടത്തിവന്നിരുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ നിർത്തിവെക്കാൻ ട്രംപിന്റെ ഉത്തരവ്

അമേരിക്ക നടത്തിവന്നിരുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ നിർത്തിവെക്കാൻ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനായി അമേരിക്ക നടത്തിവന്നിരുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരവിട്ടു. ചരക്കുകപ്പലുകൾക്കുള്ള സൈനിക നീക്കം തുടങ്ങി രണ്ടാം ദിനമാണ് ഉത്തരവ് മരവിപ്പിക്കുന്നത്. ഇറാനുമായി അന്തിമ സമാധാന കരാറിൽ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം.

തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചും, ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതിനാലുമാണ് ഈ തീരുമാനമെന്ന് ട്രംപ് അവകാശപ്പെട്ടു. “ഇറാനുമായുള്ള കരാർ യാഥാർത്ഥ്യമാകുമോ എന്ന് പരിശോധിക്കാൻ കുറച്ചു കാലത്തേക്ക് പ്രോജക്റ്റ് ഫ്രീഡം നിർത്തിവെക്കാൻ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ മേഖലയിലെ ഉപരോധം ശക്തമായി തന്നെ തുടരും,” ട്രംപ് കുറിച്ചു.

എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനിടയിലും ഗൾഫ് മേഖലയിൽ വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹുർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ നിരവധി ബോട്ടുകളും മിസൈലുകളും ഡ്രോണുകളും തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടിരുന്നു. അതേസമയം, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം വർധിപ്പിച്ചുകൊണ്ടുള്ള പുതിയ ഭൂപടം ഇറാൻ പുറത്തിറക്കി. തങ്ങൾ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.

ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ പൂർത്തിയായതായും ഇനി തങ്ങൾക്കെതിരെ പ്രകോപനമുണ്ടായാൽ മാത്രമേ തിരിച്ചടി നൽകൂ എന്നും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇറാന്റെ ശ്രമത്തിന് അവർ വലിയ വില നൽകേണ്ടി വരുമെന്ന് റൂബിയോ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത്. ഇതോടെ ലോകത്തിലെ ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം തടസ്സപ്പെട്ടു. ഇത് ആഗോളതലത്തിൽ എണ്ണ, വളം തുടങ്ങിയ ഉൽപന്നങ്ങളുടെ വിലകൾ കുതിച്ചുയരാനും ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാകാനും കാരണമായി.

നിലവിൽ പാകിസ്താന്റെ മധ്യസ്ഥതയിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും കടലിടുക്ക് തുറന്നു കൊടുക്കണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ യുറേനിയം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more