വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്തുവിട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാലിഫോർണിയ ടോറൻസിൽനിന്നുള്ള കോൾ തോമസ് അലൻ (31) ആണ് വെടിയുതിർത്തതെന്ന് അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോർട്ട് ചെയ്തു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടത്.
സുതാര്യതക്കുവേണ്ടിയാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്നാണ് ട്രംപ് പറയുന്നത്. ഒരു സീക്രട്ട് സർവിസ് ഏജന്‍റിന് വെടിയേറ്റു. പരിക്ക് ഗുരുതരമല്ല. സുരക്ഷ ഉദ്യോഗസ്ഥൻ കീഴ്പ്പെടുത്തി നിലത്തു കിടത്തിയ അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. സുരക്ഷ ചെക്ക് പോയന്‍റിലൂടെ അക്രമി അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രതിയുടെ കൈയിൽ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സീക്രട്ട് സർവിസ് ഏജന്‍റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായി പരിക്കേറ്റില്ല. ആയുധങ്ങളുമായി അക്രമി സെക്യൂരിറ്റി ചെക്ക് പോയിന്റിലേക്ക് അതിക്രമിച്ചു കയറി, സീക്രട്ട് സർവിസിലെ ധീരരായ ഉദ്യോഗസ്ഥൻ അവനെ കീഴടക്കി… ഒരു ഓഫിസർക്ക് വെടിയേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു… ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അതിന്റെ ജോലി കൃത്യമായി ചെയ്തു. ആ ഓഫിസറുമായി സംസാരിച്ചു, അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു -ട്രംപ് പറഞ്ഞു.
അക്രമി ഒറ്റക്കാണ് എത്തിയത്. വിരുന്ന് നടക്കുന്ന ഹാളിലേക്ക് പ്രതിക്ക് കയറാനായില്ല. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ച വിരുന്ന് മറ്റൊരു ദിവസം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ്, പ്രഥമവനിത മെലാനി, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഉൾപ്പെടെ പ്രധാനികൾ വേദിയിലിരിക്കുന്നിതിനിടെയാണ് വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിനു പുറത്ത് വെടിയൊച്ച കേൾക്കുന്നത്. ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ ഒളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യമായല്ല തനിക്കുനേരെ അക്രമമുണ്ടാകുന്നതെന്നും പെൻസിൽവാനിയയിലും പാം ബീച്ചിലും ആക്രമണമുണ്ടായതായും ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്ന് സംശയിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അക്രമി കസ്റ്റഡിയിലുള്ള വിവരം സീക്രട്ട് സർവിസും സ്ഥിരീകരിച്ചു. പ്രധാന സുരക്ഷ പരിശോധന ഭാഗത്താണ് സംഭവം നടന്നത്.
click on malayalam character to switch languages