1 GBP = 127.02
breaking news

വൈഭവിന് ആദ്യ പന്തില്‍ കഴിഞ്ഞത് ഇന്ന് സഞ്ജുവിനാവുമോ, വാംഖഡെയില്‍ ബുംറക്കെതിരെ ‘ചേട്ട’ന്‍റെ ആദ്യ സിക്സ് പ്രതീക്ഷിച്ച് ആരാധകര്‍

വൈഭവിന് ആദ്യ പന്തില്‍ കഴിഞ്ഞത് ഇന്ന് സഞ്ജുവിനാവുമോ, വാംഖഡെയില്‍ ബുംറക്കെതിരെ ‘ചേട്ട’ന്‍റെ ആദ്യ സിക്സ് പ്രതീക്ഷിച്ച് ആരാധകര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം രണ്ട് താരങ്ങളിലേക്കാണ്. ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിലേക്കും ജസ്പ്രീത് ബുംറയിലേക്കും. ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ സഞ്ജുവിലാണെങ്കില്‍ മുംബൈയുടെ ബൗളിംഗ് കുന്തമുന ബുംറയിലാണ്. ലോകകപ്പിലെ ഹീറോയിസത്തിനുശേഷം ഐപിഎല്ലില്‍ ഇരുവര്‍ക്കും പതിവ് ഫോമിലേക്ക് ഉയരാന്‍ ഇതുവരെ ആയിട്ടില്ല.

ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഒറ്റ അക്കത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ നാലാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും അഞ്ചാം മത്സരത്തില്‍ 48 റണ്‍സുമെടുത്ത് ടീമിന്‍റെ ടോപ് സ്കോററും വിജയശില്‍പിയുമായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. എന്നാല്‍ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചു തുടങ്ങിയിട്ടും മൂന്നാം പന്തിൽ പുറത്തായി നിരാശപ്പെടുത്തി.

ജസ്പ്രീത് ബുംറയാകട്ടെ തന്‍റെ എക്കാലത്തെയും വലിയ വിക്കറ്റ് വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ബുംറക്ക് മുംബൈ കുപ്പായത്തില്‍ ആദ്യ അഞ്ച് കളികളിലും വിക്കറ്റ് വീഴ്ത്താനായില്ല. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ബുംറ ആദ്യ പന്തില്‍ തന്നെ സായ് സുദര്‍ശനെ പുറത്താക്കിയാണ് വിക്കറ്റ് വരള്‍ച്ച അവസാനിപ്പിച്ചത്

ഇന്നത്തെ മുംബൈ-ചെന്നൈ പോരാട്ടം സഞ്ജു-ബുംറ പോരാട്ടം കൂടിയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ബുംറക്കെതിരെ സഞ്ജുവിന് ഇതുവരെ തകര്‍ത്തടിക്കാന്‍ ആയിട്ടില്ല. 2014 മുതല്‍ ഐപിഎല്ലില്‍ ഇതുവരെ ബുംറയുടെ 61 പന്തുകളാണ് സഞ്ജു നേരിട്ടത്. ഇതില്‍ രണ്ട് തവണ മാത്രമെ സഞ്ജുവിനെ പുറത്താക്കാന്‍ ബുംറക്കായിട്ടുള്ളൂ. ബുംറക്കെതിരെ 61 പന്തില്‍ 104.9 സ്ട്രൈക്ക് റേറ്റില്‍ 64 റണ്‍സടിച്ചിട്ടുള്ള സഞ്ജു 9 ബൗണ്ടറി പറത്തിയിട്ടുണ്ടെങ്കിലും ഒരു സിക്സ് പോലും ഇതുവരെ നേടിയിട്ടില്ല. 15കാരന്‍ വൈഭവ് സൂര്യവംശി ബുംറയുടെ ആദ്യ പന്തില്‍ സിക്സ് അടിച്ച് ഞെട്ടിക്കുകയും ആദ്യ ഓവറില്‍ രണ്ട് സിക്സ് അടിക്കുകയും ചെയ്തപ്പോഴാണ് സഞ്ജുവിനെ ബുംറ ഇത്രയും കാലം അടക്കി നിര്‍ത്തിയത്. ഇന്ന് പക്ഷെ വാംഖഡെയില്‍ സഞ്ജു ബുംറക്കെതിരെ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more