1 GBP = 126.59

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്കൻ സൈന്യം; ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കും

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്കൻ സൈന്യം; ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കും

വാഷിങ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്കൻ സൈന്യം. തിങ്കളാഴ്ച മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്ന് യു.എസ് മിലിട്ടറി പ്രഖ്യാപിച്ചു. ഇസ്ലാമാബാദിൽ നടന്ന മാരത്തൺ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതോടെയാണ് സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ട് യു.എസ് സൈനിക നീക്കത്തിലേക്ക് കടക്കുന്നത്.

തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ളതുമായ എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ അറിയിച്ചു. പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലുമുള്ള ഇറാന്റെ തീരപ്രദേശങ്ങളെയും ഇത് ബാധിക്കും. എന്നാൽ മറ്റ് തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ സ്വാതന്ത്ര്യം യു.എസ് സൈന്യം തടസ്സപ്പെടുത്തില്ലെന്നും സെൻട് കോം വ്യക്തമാക്കി. മുഴുവൻ കടലിടുക്കും അടക്കുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുൻ പ്രസ്താവനയിൽ നിന്നുള്ള പിന്നോട്ടുപോക്കായാണ് ഇതിനെ വിലയിരുത്തുന്നത്.

അമേരിക്കയുടെ ഉപരോധ ഭീഷണിക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയാണ്. യു.എസ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനം ഉയർന്ന് ബാരലിന് 103 ഡോളറിലെത്തി. ആഗോള ഊർജ്ജ വിപണിയുടെ സുപ്രധാന ഇടനാഴിയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനിനാണ്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗം നടക്കുന്ന ഈ പാത തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം.

അതേസമയം യു.എസ് സൈനിക നീക്കത്തിനെതിരെ കടുത്ത പ്രതികരണവുമായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി. മേഖലയിലേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ അടുക്കുന്നത് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ നിന്ന് അമേരിക്ക പിന്നോട്ടുപോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഏപ്രിൽ 22 വരെ പ്രാബല്യമുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more