1 GBP = 128.37
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒൻപതാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒൻപതാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 23 ന്

ബിനു ജോർജ്

ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഈ വർഷം മെയ് 23 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷന്റെ നേതൃത്വത്തിൽ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.

ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

രാവിലെ 11.15 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും തുടർന്ന് കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടക്കും. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്‌ൽസ്‌ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

തീർത്ഥാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ (പിൽഗ്രിമേജ് ചീഫ് കോർഡിനേറ്റർ) – 07920690343

അഡ്രസ്: The Friars, Aylesford Carmelite Priory, Kent ME20 7BX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more