ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്.
മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകൾ നടത്തിയ സമരങ്ങൾ സ്ത്രീകളുടെ അവകാശപ്രസ്ഥാനങ്ങൾക്ക് ലോകമാകമാനം ശക്തമായ തുടക്കത്തിന് നാന്ദി കുറിച്ചു. തുടർന്ന് 1910-ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന അന്തർദേശീയ സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ, ജർമൻ സാമൂഹ്യപ്രവർത്തകയായ ക്ലാര സെറ്റ്കിൻ അന്തർദേശീയ വനിതാ ദിനം ആചരിക്കാനുള്ള ആശയം മുന്നോട്ടുവച്ചു. അതിന്റെ അടിസ്ഥാനത്തിൽ 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലാണ് ആദ്യമായി വനിതാ ദിനം ആചരിച്ചത്.
പിന്നീട് 1975-ൽ ഐക്യരാഷ്ട്രസഭ അന്തർദേശീയ വനിതാ വർഷമായി പ്രഖ്യാപിക്കുകയും, 1977-ൽ യു.എൻ. ജനറൽ അസംബ്ലി മാർച്ച് 8 വനിതാ ദിനമായി അംഗരാജ്യങ്ങൾ ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വനിതാ ദിനം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ലിംഗസമത്വവും, അവരുടെ സുരക്ഷയും, വിദ്യാഭ്യാസവും, തൊഴിൽ അവസരങ്ങളിൽ സമത്വവും, സാമൂഹിക-ഭരണ പങ്കാളിത്തം എന്നിവ മുന്നോട്ടുവയ്ക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി മാറിയിട്ടുണ്ട്.
കുടുംബത്തിലും സമൂഹത്തിലും രാജ്യനിർമ്മാണത്തിലും ഒക്കെ സ്ത്രീകൾ നിർണായക പങ്കുവഹിക്കുന്നുവെന്നത് കാലഘട്ടത്തിൻ്റെ അനിവാര്യതയും ആവശ്യവുമാണെന്ന് യുക്മ നാഷണൽ കമ്മറ്റി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സമാന അവസരങ്ങളും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷവും ഉറപ്പാക്കാൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കൂടുതൽ ഉത്തരവാദിത്തപരമായ സമീപനം ആവശ്യമാണ് എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. ഇതിനായി ഈ കമ്മിറ്റിയുടെ ആരംഭഘട്ടത്തിൽ തന്നെ ഉയർന്നുവന്ന ആശയമായിരുന്നു യുക്മയ്ക്ക് ഒരു വനിതാ ഫോറം. ചർച്ചകൾക്കൊടുവിൽ രൂപം കൊണ്ട ആശയമായ ‘ഷീ ലീഡ്സ്’ ന് ഇന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
സ്ത്രീകളുടെ ശക്തിക്കും സമർപ്പണത്തിനും നേട്ടങ്ങൾക്കും ആദരവ് അർപ്പിച്ച്, സമത്വവും ആദരവും ഉറപ്പാക്കുന്ന ഒരു മികച്ച സമൂഹം സൃഷ്ടിക്കാൻ ഈ ദിനം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ: എബി സെബാസ്റ്റ്യൻ ആശംസിച്ചു.
click on malayalam character to switch languages