ചരിത്രത്തിൽ ഇടം നേടി സാജൻ സത്യൻ…..ഹെൽത്ത് സർവ്വീസ് ജേർണലിൻ്റെ 50 അംഗ പട്ടികയിൽ ഇടം പിടിച്ച ആദ്യ മലയാളി….യുകെ മലയാളികൾക്കിത് അഭിമാന നിമിഷം.
Oct 22, 2025
കുര്യൻ ജോർജജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ഹെൽത്ത് സർവ്വീസ് ജേണൽ (HSJ) തയ്യാറാക്കിയ, യുകെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യൻസ്, ന്യൂനപക്ഷ വിഭാഗക്കാരുടെ പട്ടികയിൽ ഇതാദ്യമായി ഒരു മലയാളി സ്ഥാനം പിടിച്ചു. എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റ് ഡപ്യൂട്ടി ചീഫ് നഴ്‌സും ആലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് (ASKeN) സ്ഥാപകനും, യുക്മ മുൻ നാഷണൽ ജോയിൻ്റ് സെക്രട്ടറിയുമായ സാജൻ സത്യനാണ് യുകെ മലയാളികൾക്കാകെ അഭിമാനകരമായ ഈ നേട്ടത്തിന് അർഹനായത്.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യൻ്റെ അഭിമാനകരമായ നേട്ടത്തിൽ യുക്‌മ കുടുംബമൊന്നാകെ ആഹ്‌ളാദത്തിലാണ്. 2019 – 2022 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022 – 2025 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും മികവുറ്റ പ്രവർത്തനം കാഴ്ച വെച്ച സാജൻ യുകെയിലെ മലയാളി നഴ്‌സിംഗ് സമൂഹത്തിന് ഒരു മാർഗ്ഗദർശിയാണ്. യുകെയിലെ നഴ്‌സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്‌ക്ക് സാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവ്വീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡൻ്റ് മുംതാസ് പട്ടേൽ, പൌളറ്റ് ഹാമിൽട്ടൻ എം. പി. തുടങ്ങിയ പ്രമുഹരാണ് പട്ടികയിൽ ഇടം നേടിയവർ. യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻ എച്ച് എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeN ൻ്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻ.എച്ച്. എസ്സിൽ 2009 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ളിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ളണ്ട് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻ.എച്ച്.എസ്സ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ചുമതലയേറ്റത്. തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കൊപ്പം പഠിക്കുവാനും സമയം കണ്ടെത്തുന്ന സാജൻ പൊതുപ്രവർത്തന രംഗത്തും അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രസ് പരീക്ഷയിലൂടെ ബിസ് സി നഴ്സിംഗ് 1994 – 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003-ൽ യുകെയിൽ ബുപയിൽ ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് സിൽ പ്രവർത്തിയെടുത്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു.
ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റർഡ് നഴ്സാണ്. എ ലെവൽ വിദ്യാർത്ഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി മിലൻ സാജൻ എന്നിവരാണ് മക്കൾ. ലീഡ്സിന് സമീപമുള്ള വെഡ്നസ്ഫീൽഡിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
യുക്മയുടെ സഹയാത്രികനും നേതൃനിരയിലെ സജീവ സാന്നിദ്ധ്യവുമായ സാജൻ്റെ അഭിമാനാർഹമായ നേട്ടത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്‌മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ പ്രസിഡൻ്റ്മാരായ മനോജ്കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് കൗൺസിലറുമായ സജീഷ് ടോം, മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, യു.എൻ.എഫ് ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു. കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാനും കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും സാജന് കഴിയട്ടെയെന്ന് യുക്മ നേതൃത്വം ആശംസിച്ചു.
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages