1 GBP =
breaking news

യു കെ യിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നിര്യാതനായി; വിടപറഞ്ഞത് കോട്ടയം തുരുത്തി സ്വദേശി സേവ്യർ മരങ്ങാട്.

യു കെ യിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നിര്യാതനായി; വിടപറഞ്ഞത് കോട്ടയം തുരുത്തി സ്വദേശി സേവ്യർ മരങ്ങാട്.

അപ്പച്ചൻ കണ്ണഞ്ചിറ

നോർവിച്ച്: യു കെ യിൽ മക്കളെ സന്ദർശിക്കുവാനെത്തിയ പിതാവ് നോർവിച്ചിൽ നിര്യാതനായി. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ് , അമല സഞ്‌ജു , അനൂപ് സേവ്യർ എന്നിവരുടെ പിതാവാണ് നിര്യാതനായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് ( അപ്പച്ചൻകുട്ടി 73 ). കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ മർത്ത മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. പരേതന്റെ അന്ത്യോപചാര കർമ്മങ്ങളും, സംസ്ക്കാരവും പിന്നീട് നോർവിച്ചിൽ വെച്ച് നടത്തുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.

പരേതന്റെ മകൻ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും, മാമ്മോദീസയിലും പങ്കുചേരുവാനുള്ള അദമ്യമായ ആഗ്രഹത്തിലാണ് സേവ്യർ നോർവിച്ചിൽ എത്തുന്നത്. യു കെ യിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്
സേവ്യറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി തിരിച്ചു പിടിക്കുവാനായില്ല. സേവ്യറിന്റെ ആഗ്രഹ പ്രകാരം കൂദാശകൾ മുൻ നിശ്ചയ പ്രകാരമല്ലാതെ മറ്റൊരു ദിവസം ലളിതമായി നടത്തുവാനും അതിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ നേരുവാനും സേവ്യറിന് സാധിച്ചിരുന്നു.

ആരോഗ്യ നില വീണ്ടും വഷളായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സേവ്യർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ പ്രീസ്റ്റ്, ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യകൂദാശ നൽകുകയും, വിവിധ ദിവസനാളിൽ സന്ദർശിച്ചു പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും രോഗിയെയും, കുടുംബാംഗങ്ങളെയും സന്ദർശിച്ചു പ്രാർത്ഥനകൾ നേർന്നിരുന്നു.

മികച്ച ഫുട്ബോൾ കളിക്കാരനായിരുന്ന സേവ്യർ ഫിലിപ്പോസ്, മുൻ സന്തോഷ് ട്രോഫി താരം എം പി പാപ്പച്ചന്റെ പുത്രനാണ്. കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായും സേവ്യർ കളിച്ചിട്ടുണ്ട്.

ഭാര്യ കരിങ്ങട കുടുംബാംഗം, പരേതയായ ലിസമ്മ സേവ്യർ തുരുത്തി. അൻസ് ജിൻറ്റാ (കുവൈറ്റ്), നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും, ജിൻറ്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളാണ്.

യു കെ യിൽ എത്തി മക്കളെ സന്ദർശിക്കുവാനും, കൊച്ചു മക്കളോടൊപ്പം സന്തോഷം പങ്കിടുവാനും, അവരുടെ കൂദാശകർമ്മങ്ങളിലും പങ്കുചേരുവാനെത്തിയ വാത്സല്യ പിതാവിന്റെ അകാലത്തിലുള്ള മരണം കുടുംബാംഗങ്ങളെ ഒന്നാകെ തളർത്തിയിരിക്കുകയാണ്. നോർവിച്ച് സീറോ മലബാർ മിഷനും, നോർവിച്ച് മലയാളി അസ്സോസ്സിയേഷനും സന്തപ്തരായ കുടുംബങ്ങളോടൊപ്പം ആശ്വാസമായി സദാ കൂടെയുണ്ട്.

നോർവിച്ച് സെന്റ് തോമസ് സീറോമലബാർ മിഷൻ, നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, യുക്മ റീജണൽ, നാഷണൽ കമ്മിറ്റി എന്നിവർ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more