ന്യൂഡൽഹി: മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽകെ പുരസ്കാരം. 2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് ദാദാസാഹിബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ശ്രീ മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ്ണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകിത്തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.
ഇത് തനിക്കുമാത്രമുള്ള അംഗീകാരമല്ല, മലയാള സിനിമക്കുള്ള അംഗീകാരമാണെന്നും തന്നെ സ്നേഹിക്കുന്ന എല്ലാവരുമായും പുരസ്കാരം പങ്കുവയ്ക്കുന്നു എന്നും മോഹൻലാൽ പ്രതികരിച്ചു. ഏറ്റവും സന്തോഷത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വർഷത്തെ സിനിമാജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ്. ഇതിനായി എന്നെ തെരഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദി -മോഹൻലാൽ പറഞ്ഞു.
click on malayalam character to switch languages