1 GBP = 115.39
breaking news

നിപ: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

നിപ: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്

പാലക്കാട്: നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയുടെ നില ​ഗുരുതരമായി തുടരുന്നു. യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മറ്റ് വിദ​ഗ്ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 100 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഹൈറിസ്ക് കോൺടാക്ട് ഉള്ളത് 52 പേർക്കാണ്. ഇതിനിടെ നാലുപേരുടെ സാമ്പിൾ പരിശോധനഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. നിപ ബാധിതയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷനിലാണ്. 12 പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസോലേഷനിലാണ്. രോ​ഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രദേശത്ത് ജൂൺ 1 മുതൽ നടന്ന മരണങ്ങൾ പരിശോധിക്കും. ഇതേ കാലയളവിൽ ആ‍ർക്കെങ്കിലും മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. വവ്വാലുകളുടെ സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും വീണാ ജോ‍ർത്ത് പറഞ്ഞു. ഇതിനിടെ നിപ ബാധിതയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒരാളെ കണ്ടെത്താനുണ്ട്. മണ്ണാ‍ർക്കാട്ടെ ആശുപത്രിയിൽ എത്തിയ മലപ്പുറത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയെയാണ് കണ്ടെത്താനുള്ളതെന്നാണ് സംശയം. ഐസോലേഷനിൽ കഴിയുന്നവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും 3 കുട്ടികൾക്ക് പനി കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് 7, മഞ്ചേരി 4, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഐസോലേനിൽ കഴിയുന്ന രോ​ഗികളുടെ എണ്ണം.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും വീണാ ജോ‍ർജ് ആവശ്യപ്പെട്ടു. നിപ ബാധിച്ച എല്ലാവരും മരിച്ചു എന്നത് വ്യാജമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെറ്റാണെന്നും വീണാ ജോ‍ർജ് വ്യക്തമാക്കി. നിപ മരണ നിരക്ക് 2018ൽ 33 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ലോകത്ത് കേരളത്തിൽ മാത്രമാണ് ഇതുണ്ടായത്. ഉത്തരവാദിത്വപ്പെട്ടവരുടെ ഭാ​ഗത്ത് നിന്ന് ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ആരോ​ഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more