സ്വിൻഡൻ: സ്വിൻഡനിൽ മലയാളി ബാലൻ മരണമടഞ്ഞു. ഏഴു വയസ്സുകാരനായ ഐഡൻ തോമസാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ സ്വിൻഡനിലെ എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു. പൊടുന്നനെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം ഉഴവൂർ സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും ഇളയ മകനാണ് ഐഡൻ തോമസ്. ഇക്കഴിഞ്ഞ മാർച്ച് നാലിനായിരുന്നു ഇതേ രോഗം ബാധിച്ചിരുന്ന ഐഡൻ തോമസിന്റെ സഹോദരി ഐറിൻ മരണമടഞ്ഞത്. ഐറിന്റെ വേർപാടിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ഐഡൻ തോമസിന്റെ വിയോഗവും സംഭവിച്ചതിന്റെ ആഘാതത്തിലാണ് മാതാപിതാക്കൾ. ഐഡൻ തോമസിന്റെ വേർപാടിൽ വിറങ്ങലിച്ചു പോയ കുടുംബത്തിന് താങ്ങും തണലുമായി വിൽഷെയർ മലയാളികളും അസോസിയേഷനും ഒറ്റക്കെട്ടായി കൂടെയുണ്ട്.
സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.
ഐഡൻ തോമസിന്റെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, റെയ്മോൾ നിധിരി, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ രാജേഷ് രാജ്, സുനിൽ ജോർജ്ജ്, ജോബി തോമസ്, ബേബി വർഗ്ഗീസ് ആലുങ്കൽ, ടെസി മാത്യു, രാജേഷ് നടേപ്പിള്ളി, ഡബ്ള്യു എം എ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതിഷ് കൃഷ്ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….ആദരാഞ്ജലികൾ……
click on malayalam character to switch languages