സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലൻസ് ന്റെയും ഇന്ത്യൻ ഹൈ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ യുകെ നെഹ്‌റു സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പിതൃവന്ദനം അവിസ്മരണീയമായി
Jun 29, 2025
ഇക്കഴിഞ്ഞ ജൂൺ 19 ന് സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലൻസ് ന്റെയും ഇന്ത്യൻ ഹൈ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ യുകെ നെഹ്‌റു സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പിതൃവന്ദനം കാണികൾക്ക് പുതിയ ഒരു അനുഭവമായി. മാനവരാശിക്കും മാനവികതയ്ക്കും ചരിത്രം, തത്ത്വചിന്ത, ചിന്താധാരകൾ, സാഹിത്യം, പ്രകടന കലകൾ എന്നിവയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയ ഇതിഹാസതുല്യരായ പിതാക്കന്മാർക്കും പിതൃതുല്യരായ വ്യക്തികൾക്കും വേണ്ടിയായിരുന്നു ഈ അതുല്യമായ കലാവിരുന്ന്. സമയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, വിവിധ ഭാഷാഭേദങ്ങളെ മറികടന്ന്, സവിശേഷമായ ഒരു ദൃശ്യാവിഷ്കാരം കൂടിയായി ഈ പരിപാടി.
പൗരാണിക കഥാപാത്രങ്ങളായ വൃഷഭാനു, അർജ്ജുനൻ മുതൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി നാടൻ കലകളുടെ വരെ പിതൃവ്യൻമാരായ ഭരതമുനി, സ്വാതി തിരുനാൾ, സിദ്ധേന്ദ്രയോഗി തുടങ്ങിയ മഹാരഥന്മാർക്കും അഞ്ജലി അർപ്പിച്ചു ഒരു കൂട്ടം കലാകാരന്മാർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഒന്നര മണിക്കൂറിലധികം നീണ്ട പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഘലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കുമ്മി, നൃത്തചിത്ര, കരകാട്ടം തുടങ്ങി ഭാരതത്തിന്റെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. സംസ്കൃതി സെന്റർ സ്ഥാപക-ട്രസ്റ്റി രാഗസുധ വിഞ്ചമൂരിയുടെ ആശയത്തിൽ ഒരുങ്ങിയ ഈ പരിപാടി കാണികൾക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായി.
മുഖ്യാതിഥികളിൽ ഒരാളായ തരുൺ ഗുലാത്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “നൃത്തത്തിന്റെയും സംഗീതത്തിന്റെയും വർണ്ണാഭമായ അവതരണങ്ങളാൽ സമ്പന്നമായ ഒരു ഉജ്ജ്വല സായാഹ്നമായിരുന്നു ഇത്. നൃത്തസംവിധാനം അതിഗംഭീരവും, ഊർജ്ജം പ്രസരിക്കുന്നതുമായിരുന്നു. പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞ ഈ പ്രകടനം, ആരും നഷ്ടപ്പെടുത്തരുതാത്ത ഒന്നാണ്!”
click on malayalam character to switch languages