1 GBP = 116.82
breaking news

രഞ്ജിതയെ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി യുക്മ.

രഞ്ജിതയെ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി യുക്മ.


കുര്യൻ ജോർജ് (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണമടഞ്ഞ യുകെ മലയാളി തിരുവല്ല, പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് യുക്മ മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും ഇന്നലെ ഇമെയിലിൽ പരാതികൾ അയച്ചു. തൻ്റെ വിഷലിപ്തമായ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പരേതയേയും മുഴുവൻ പ്രവാസികളെയും അപമാനിക്കുന്ന വിധത്തിൽ അധിക്ഷേപാർഹമായ കമൻ്റുകളിട്ട ഇയാൾ പൊതുസമൂഹത്തിന് അപമാനമാണെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ പരാതിയിൽ ചൂണ്ടിക്കാട്ടി.

എയർ ഇന്ത്യ എ.ഐ 171 അഹമ്മദാബാദ് – ലണ്ടൻ വിമാനം പറന്നുയർന്ന ഉടൻ തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ ഒഴികെ മുഴുവനാളുകളും ജീവനക്കാരും മരണമടയുകയാണുണ്ടായത്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുകെ മലയാളി രഞ്ജിതയെ അപമാനിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ കമൻ്റുകളിട്ട കാസർകോഡ് ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്നും ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു. പോർട്ട്സ്മൌത്തിലെ ക്യൂൻ അലക്സാണ്ട്ര ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത നാട്ടിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്.

സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളെയും രോഗാധികൃത്താൽ വലയുന്ന പ്രായമായ അമ്മയെയും നിരാലംബരാക്കി കടന്ന് പോയ രഞ്ജിതയുടെ കുടുംബത്തെയും അതോടൊപ്പം മുഴുവൻ പ്രവാസികളെയും അപമാനിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ കമൻ്റുകളിട്ട പവിത്രൻ സമാനമായ കുറ്റങ്ങൾ മുൻപും ചെയ്തിട്ടുള്ളയാളാണ്. ഇത്തരത്തിൽ സ്വഭാവ വൈകൃതമുള്ള ഒരാൾ ഇത്രയും ഉത്തരവാദിത്യപ്പെട്ട ഒരു തസ്തികയിൽ തുടരുന്നത് ഒട്ടും ആശാസ്യമല്ലയെന്നും എത്രയും വേഗം ഇയാളെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്നും യുക്മ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more