പോർട്സ്മൗത്ത്: യുക്മയുടെ ഏറ്റവും വലിയ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയൻ്റെ ഈ വർഷത്തെ കായിക മാമാങ്കം നാളെ ജൂൺ 15 ഞായറാഴ്ച്ച പോര്ടസ്മൗത്തിലെ മൗണ്ട്ബാറ്റൺ സെന്ററിൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അറിയിച്ചു.
അത്യന്തം വാശിയേറിയ ട്രാക്ക് & ഫീൽഡ് മത്സരങ്ങളിൽ 25 അംഗ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250 ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ മലയാളീ അസോസിയേഷൻ ഓഫ് പോര്ടസ്മൗത് (MAP) ആണ് ഈ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഞായറാഴ്ച രാവിലെ 9 മണിയ്ക്കാരംഭിക്കുന്ന രജിസ്ട്രേഷനുശേഷം 9.30 ന് കായിക താരങ്ങൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകുമെന്ന് സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു അറിയിക്കുന്നു.
തുടന്ന്, ഓരോ അസോസിയേഷന്റെയും ബാനറിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റ് യുക്മ ദേശീയ അധ്യക്ഷൻ അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യുകയും കായികമേളയുടെ ഔപചാരികമായ ഉൽഘാടനം നിർവഹിക്കുകയും ചെയ്യും. ചടങ്ങിന് നാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡൻ്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് 6 മണിക്ക് ശേഷം നടക്കുന്ന സമ്മാനദാന സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം വിശിഷ്ടാതിഥിയായി പങ്കെടുക്കും.
അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്ട്സ്മൗത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്ന, ക്യൂൻ അലക്സാണ്ട്ര ഹോസ്പിറ്റൽ നെഴ്സ് രജ്ഞിത ഗോപകുമാരൻ നായരുടെ വേർപാടിൽ അനുശോചിക്കാനായി ഒരുക്കുന്ന ‘മൊമോറിയൽ ട്രിബ്യൂട്ട്’ ഉച്ചക്ക് 2 മണിക്ക് സ്റ്റേഡിയത്തിൽ നടക്കും. ഈ ദുരന്തത്തിൽ മരണമടഞ്ഞ എല്ലാവരുടെയും സ്മരണാജ്ഞലിയിൽ കറുത്ത റിബൻ ധരിച്ചു കൊണ്ടായിരിക്കും കായികമേയിൽ ഭാരവാഹികളും മത്സരാർത്ഥികളും കാണികൾ ഉൾപ്പെടെ മുഴുവൻ ആളുകളും അനുശോചന സന്ദേശം പങ്കു വയ്ക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
അതി വിശാലമായ മൗണ്ട്ബാറ്റൺ സെന്ററിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുവാനായി വിവിധ സബ് കമ്മിറ്റികളുടെ കൺവീനിർമാരായ തേജു മാത്യൂസ്, ഡാഫിനി എൽദോസ്, ബെർവിൻ ബാബു, റെനോൾഡ് മാനുവൽ, ലിറ്റോ കോരൂത്, ശാരിക അമ്പിളി, സനോജ് ജോസ്, എറിക്സ്ൺ ജോസഫ്, അലൻ ജേക്കബ്, മെബി മാത്യു, പ്രിജുൻ കല്ലിടിൽ, ഡെന്നീസ് വറീത് തുടങ്ങിയവരുടെ നേതൃത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
ആതിഥേയരായ പോർട്ട്സ് മൗത്ത് മലയാളി അസോസിയേഷന്റെ യുക്മ പ്രതിനിധികളായ ആനന്ദ് വിലാസ്, റിച്ചാർഡ് മാനുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള വോളന്റീയർമാരാണ് കായികമേളയുടെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുന്നത്.
കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Mountbatten Centre
Portsmouth
PO2 9QA
കായിക താരങ്ങളുടെയും കാണികളുടെയും സൗകര്യാർത്ഥം പോര്ടസ്മൗത്തിലെ ‘സീക്രെട്ട് അലേയ് ഹോട്ടൽ’ രുചികരമായ സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, ശീതള പാനീയങ്ങൾ, ഐസ് ക്രീമുകൾ തുടങ്ങിയവ ലഭ്യമാവുന്ന ഭക്ഷണ സ്റ്റാളുകൾ സ്റ്റേഡിയത്തിനു സമീപം സജ്ജീകരിക്കുന്നതാണ്.
യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ ജിയാ ട്രാവൽസ്, ജെ എം പി സോഫ്റ്റ്വെയർ, വർക്ട്രീ സൊല്യൂഷൻസ്, വൈസ് ഫോക്സ് ട്യൂഷൻസ്, SH ഹാർഡ്വെയർ & സൂപ്പർമാർക്കറ്റ്, ആൻസ് ബ്യൂട്ടി ക്ലിനിക്, ബെസ്റ്റ് ഓപ്ഷൻസ് ഫുഡ്സ്, MG ട്യൂഷൻസ്, സീക്രെട്ട് അലേയ് ഹോട്ടൽ, ഡ്രയ്ടോൺ സ്റ്റോഴ്സ് എന്നിവരാണ് സ്പോർട്സ് മത്സരങ്ങൾക്ക് സ്പോൺസർഷിപ്പ് നൽകി സഹകരിച്ചത്.
നാളെ നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേള വിജയകരമാകുന്നതിന് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്ഥിക്കുന്നു.
click on malayalam character to switch languages