1 GBP = 114.91
breaking news

‘വീടൊരുക്കാം വാഴ്‌വിലൂടെ’ കാരുണ്യത്തിൻ്റെ കരസ്പർശവുമായി വാഴ്‌വ് 2025

‘വീടൊരുക്കാം വാഴ്‌വിലൂടെ’ കാരുണ്യത്തിൻ്റെ കരസ്പർശവുമായി വാഴ്‌വ് 2025

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ ‘വാഴ്‌വ് 2025’ ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇത്തവണ ജീവകാരുണ്യത്തിൻ്റെ കൊയ്യാപ്പു കൂടി ചാർത്താനൊരുങ്ങുകയാണ്. ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഈയാവശ്യത്തിനായി വാഴ്‌വിന് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് പത്തു ലക്ഷം രൂപാ കൂടുതലായി കണ്ടെത്തുക എന്നതാണ് വാഴ്‌വ് 2025 ൻ്റെ നാഷണൽ കമ്മറ്റി ലക്ഷ്യം വയ്ക്കുന്നത്. അതിനു വേണ്ടി സുമനസ്സുകളായ കൂടുതൽ ഫാമിലി സ്പോൺസേഴ്‌സിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഫൈനാൻസ് കമ്മറ്റി ഏറ്റെടുത്തിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ.സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.

ഒക്ടോബർ മാസം നാലാം തീയതി ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെൻ്ററിൽ വച്ചാണ് വാഴ്‌വ് നടത്തപ്പെടുന്നത്. ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബ്ബാന, യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇൻ്റർ സെഷനുകൾ, പൊതു സമ്മേളനം യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഇങ്ങനെ ഒരു ദിവസം നീണ്ടു നിൽക്കുന്ന വാർഷിക സംഗമത്തിന് ഒരു കുടുംബത്തിന് നിർദ്ദേശിക്കുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 20 പൗണ്ട് മാത്രമാണ്. സിംഗിൾ പ്രവേശനം 10 പൗണ്ടും, ഇൻ്റർനാഷണൽ സ്റ്റുഡൻസിനും, നാട്ടിൽ നിന്നും സന്ദർശകരായി എത്തിയിരിക്കുന്ന മാതാപിതാക്കൾക്കും പ്രവേശനം സൗജന്യവുമായിരിക്കും അതാത് മിഷൻ ട്രസ്റ്റിമാരെയോ, വൈദികനെയോ ആണ് ഇതിനു വേണ്ടി സമീപിക്കേണ്ടത്.

ഏറ്റവും മിതമായ ടിക്കറ്റ് നിരക്കിൽ മുഴുവൻ ക്നാനായ കുടുംബ ങ്ങളേയും പങ്കെടുപ്പിക്കുക എന്നതാണ് മിഷൻ വിഭാവനം ചെയ്യുന്നത്. ഉദാരമനസ്കരായ ക്നാനായ കടുംബങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണവും, സ്പോൺസേഴ്സിൻ്റെ സംഭാവനകളും ആണ് വാഴ്‌വിൻ്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് . ചിലവ് പരമാവധി ചുരുക്കി, കാര്യക്ഷമമായ സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുള്ള സുതാര്യമായ സാമ്പത്തിക വിനിമയമാണ് ഓരോ വർഷവും വാഴ്‌വിൻ്റെ വിജയകരമായ നടത്തിപ്പ് സാധ്യമാക്കുന്നത്. ‘വീടൊരുക്കാം വാഴ്‌വിലൂടെ ‘ എന്ന സംരംഭത്തിന് സമുദായാംഗങ്ങളുടെ നിർലോഭമായ സഹകരണങ്ങളാണ് കമ്മറ്റി പ്രതീക്ഷിക്കുന്നത്.

ഫാ.സുനി പടിഞ്ഞാറേക്കര ചെയർമാനും അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട്ട് ജോയിൻ്റ് കൺവീനറുമായുള്ള കമ്മറ്റിയാണ് 2025 വാഴ്‌വിന് ചുക്കാൻ പിടിക്കുന്നത്. ഫിനാൻസ് കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് റെമി പഴയിടത്ത്, എബി നെടുവാമ്പുഴ എന്നിവരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more