ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ചകാഴ്ചകളുടെ സ്വീകരണം, തുടർന്ന് 11.15 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 12.15 ന് SMYM രൂപതാ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
click on malayalam character to switch languages