1 GBP = 114.87
breaking news

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഇ ഡി അറിയിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി.

കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേര്‍ണലും യങ്ങ് ഇന്ത്യയും കോണ്‍ഗ്രസും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോണ്‍ഗ്രസിന് സംഭാവന നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചു. അതേസമയം കുറ്റകൃത്യങ്ങളില്‍ വ്യക്തികള്‍ക്ക് മാത്രമാണോ പങ്കെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പങ്കില്ലേയെന്നും പിഎംഎല്‍എ കോടതി ചോദിച്ചു. എഐസിസിയെ ഇരയാക്കിയാണോ കള്ളപ്പണ ഇടപാടെന്നും കോടതി ചോദ്യം ഉന്നയിച്ചു. ഇ ഡിയുടെ കുറ്റപത്രത്തിന്മേല്‍ ജൂലൈ രണ്ട് മുതല്‍ എട്ട് വരെ ഡൽഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതി വാദം കേള്‍ക്കും.

ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more