1 GBP = 113.63
breaking news

ബ്രിട്ടീഷ് പാർലമെന് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്കു ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) സമ്മാനിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

ബ്രിട്ടീഷ് പാർലമെന് ഹൌസ് ഓഫ് ലോർഡ്‌സിൽ മലയാളി ഡോക്ടർക്കു ഉന്നത ബഹുമതി; ഡോ.ജീഷ് ജോർജ്ജിന് (കിരൺ) സമ്മാനിച്ചത് ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാർഡ്’

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: നിരവധി ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കർമ്മ നിരതനുമായ മലയാളി ഡോ.ജീഷ് ജോർജ്ജിന് (ഡോ.കിരൺ), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാർലിമെന്റ്, ഹൌസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്റർനാഷണൽ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ നിന്നുമാണ് ഉന്നത അംഗീകാരം ഡോക്ടറെ തേടിയെത്തിയത്.

ആഗോള രാഷ്ട്രീയ, ബിസിനസ്സ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുകൂടിയ ഉച്ചകോടിയിൽ, ഗ്ലോബൽ ലീഡർഷിപ്പ്, നവീന കണ്ടുപിടിത്തങ്ങൾ, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തുകയും, വിവിധ മേഖലകളിൽ ഉത്കൃഷ്ട സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്ത അഭിമാനകരമായ ചടങ്ങിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

ബ്രിട്ടീഷ് പാർലിമെന്റ് ഹൌസ് ഓഫ് ലോർഡ്‌സിൽ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്‌, സാൻഡി വർമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ, ആഗോളതലത്തിൽ പ്രശസ്തവും, യു കെ യിലെ പ്രമുഖ കമ്പനിയുമായ യു കെ, എം എസ് ജി ആതിഥേയത്വം വഹിച്ചു. ഉച്ച കോടിയിൽ പങ്കെടുത്തവർക്ക് നെറ്റ്‌വർക്കിംഗും, അറിവ് കൈമാറ്റവും നേടാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യു കെ, എം എസ് ജി സംഘടിപ്പിച്ച 54-ാമത് അന്താരാഷ്ട്ര ഉച്ചകോടിയിൽ വെച്ചാണ് അഭിനാർഹമായ അംഗീകാരം ഡോക്ടർക്ക് സമ്മാനിച്ചത്.

ഒമന്യേ റോയൽ കിങ്ഡം ഓഫ് ഘാനയുടെ ‘ഹേർ റോയൽ മജെസ്റ്റി ക്വീൻ വിക്കിലീക്സ്റ്റർ’ ആണ് ഈ അന്തരാഷ്ട്ര അവാർഡ് വിതരണം ചെയ്തത്. സീഷെൽസിന്റെ മുൻ ടൂറിസം മന്ത്രിയും, ലാലിയൻസ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ, അലൈൻ സെന്റ് ആഞ്ചെ, എം പി ബാരി ഗാർഡിനർ, എം പി മാർഷ കോർഡോവ, ലോർഡ് മൈക്കിൾ ഡേവിഡ് കാട്സ്, നിരവധി എം പി മാർ, അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും, സംരംഭകനും, ജീവകാരുണ്യ പ്രവർത്തകനുമായ ദുബായിൽ നിന്നുമുള്ള ഡോ.ബു അബ്ദുള്ള, മുൻ ലണ്ടൻ മേയർമാർ, കൗൺസിലർ ലൂബ്‌ന അർഷാദ്, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഹിന്ദി ഫിലിം അഭിനേത്രിയും, പിന്നണി ഗായികയും, വാഗ്മിയും ടീവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖർ അവാർഡുദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡോ.കിരണിന്‌, സാമൂഹിക സേവനരംഗത്തെ ദീർഘകാല സമർപ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങൾ, പാവപ്പെട്ടവർക്കായുള്ള സേവനങ്ങൾ, ധാർമ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളിൽ കാഴ്ചവെച്ച കാരുണ്യ പദ്ധതികൾക്കും, മികവിനും, നിസ്തുലമായ സേവനങ്ങൾക്കും ഉള്ള അംഗീകാരമായിട്ടാണ് ‘എക്സലൻസ് ഇൻ സോഷ്യൽ സർവീസ്, ‘ഇന്റർനാഷണൽ ബുക്ക് ഓഫ് അച്ചീവേർസ് അവാർഡ്’ സമ്മാനിക്കപ്പെട്ടത്.

ദന്തചികിത്സയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർ കിരൺ നഴ്സിംഗിൽ പിഎച്ച്ഡിക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിലെ മികവിനുള്ള ‘ഏഷ്യൻ എഡ്യൂക്കേഷൻ അവാർഡ്’ (ബാങ്കോങ്), രവിവർമ്മ കലാ സാഹിത്യ സംസ്‌കൃതി ഫൗണ്ടേഷൻ നടത്തിയ ‘രാജ്യോത്സവ പുരസ്‌കാരം’, ഗുരുഗ്രാമിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് തലത്തിൽ മികവിനുള്ള ‘ഇന്റർനാഷണൽ എമിനൻസ് അവാർഡ്’, ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന സാമൂഹിക സേവനത്തിനുള്ള ‘ഗ്ലോബൽ ഐക്കൺ അവാർഡ്’ തുടങ്ങിയ നിരവധി ബഹുമതികളും ആദരവുകളും അവാർഡുകളും ഡോ.കിരണിനെ തേടിയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ലണ്ടനിൽ നിന്നും ലഭിച്ച ഈ അന്തർദേശീയ അംഗീകാരം അദ്ദേഹത്തിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തുകയായി.

എറണാകുളം ജില്ലയിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ മാളവനയിൽ ജനിച്ച കിരൺ, പത്താം ക്‌ളാസ്സു പഠനത്തിന് ശേഷം വിദ്യാഭ്യാസ ലക്‌ഷ്യവുമായി തന്റെ സഹോദരിയുടെ സ്ഥലമായ ഗുൽബർഗ്ഗയിലേക്കു പോവുകയായിരുന്നു. വാഴപ്പള്ളി (Late) കെ പി ജോർജ്ജ്, മേരി ജോർജ്ജ് ദമ്പതികളുടെ മകനാണ് കിരൺ. ഭാര്യ ഡോ .ഹണി കിരൺ. ഏക മകൻ അവിൻ (12) എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്.

ഗുൽബർഗ്ഗ സെന്റ് മേരീസ് പള്ളിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്ന ഫുഡ് ബാങ്കിൽ 24×7 നേരം ദരിദ്രരും ഭിക്ഷാടകരും അശരണരുമായവർക്ക്‌ സൗജന്യ ഭക്ഷണ വിതരണം ദീർഘകാലമായി ചെയ്തു വരുന്നുണ്ട്. 34 രക്തദാന ക്യാമ്പുകൾ നടത്തുകയും 40 തവണ രക്തം ദാനം ചെയ്യുകയും ചെയ്തിട്ടുള്ള ഡോ. കിരൺ, എല്ലാ വർഷവും 5 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നഴ്സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലായി സൗജന്യ വിദ്യാഭ്യാസവും നല്കിപ്പോരുന്നു. പാവപ്പെട്ടവർക്ക് സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുക അടക്കം നിരവധി കാരുണ്യ പ്രവർത്തികൾ നിസ്വാർത്ഥമായി ചെയ്തു വരുന്ന വ്യക്തിയാണ് ഡോ. കിരൺ.

ഗുൽബർഗയിൽ പ്രവർത്തിക്കുന്ന ‘ഡിവൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ’ സ്ഥാപകനും, ഡയറക്ടറുമാണ് ഡോ.കിരൺ. സാധാരണക്കാർക്കും ദരിദ്രർക്കും പരിഗണനാപൂർവം ചികിൽസാസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ മുഖ്യ ലക്ഷ്യം. 2002 മുതൽ കല്യാൺ കർണാടക മേഖലയിലുടനീളം നഴ്‌സിംഗ്, പാരാ മെഡിക്കൽ, ആരോഗ്യശാസ്ത്രം എന്നിവയിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്ന പല സ്ഥാപനങ്ങളുടെയും ചെയർമാനുമാണ് ഡോ.കിരൺ.

ജീവിതത്തിന്റെ നല്ലൊരു ഭാഗം പൊതു സമൂഹത്തിനായി ഉഴിഞ്ഞു വെച്ചിട്ടുള്ള ഡോ.കിരൺ, ജീവ കാരുണ്യ പ്രവർത്തനങ്ങളും, വസ്ത്രം, ഭക്ഷണം, ആതുര പരിപാലനം തുടങ്ങിയ അത്യന്താപേഷിതവും അടിസ്ഥാന അവശ്യവുമായ കാര്യങ്ങളിൽ ചെയ്യുന്ന മഹത്തായ ദാനധർമ്മാദികളും താഴെത്തട്ടിലുള്ള അനേകർക്ക്‌ ഏറെ ആശ്വാസവും, അനുഗ്രഹദായകവുമാണ്.

എഐസിസി ദേശീയ പ്രസിഡണ്ട് മല്ലികാർജുൻ കാർഖേ, കർണ്ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, ഡോ. ഡി കെ ശിവകുമാർ തുടങ്ങി നിരവധി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നേതാക്കളുമായി അടുത്തബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഡോ. കിരൺ.

വിവിധ മേഖലകളിൽ ജനങ്ങൾക്ക് ആരോഗ്യ വിഷയങ്ങളിൽ അവബോധം നൽകുന്നതിനായി നിരവധി കോൺഫറൻസുകളും വർക്ക്ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിക്കാൻ ഡോക്ടർ ഇതിനിടെ സമയം കണ്ടെത്താറുണ്ട്. കല്യാൺ കർണാടക നഴ്‌സിംഗ് മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

ക്രിസ്ത്യൻ സഭാ സമൂഹത്തിൽ സജീവമായ ഡോ.കിരൺ ബെംഗളൂരുവിലെ കാത്തലിക് കൗൺസിൽ ഓഫ് കർണാടക (സിസികെ) അംഗം, ഇന്റർ റിലീജിയസ് ഫോറം ഫോർ പീസ് ആൻഡ് ഹാർമണി കമ്മിറ്റി അംഗം, ഗുൽബർഗ രൂപതയുടെ കാത്തലിക് അസോസിയേഷന്റെ പ്രസിഡണ്ട്, മദർ ഓഫ് ഡിവൈൻ ഗ്രേസ് കത്തീഡ്രൽ ഗുൽബർഗയുടെ പാസ്റ്ററൽ പാരിഷ് കൗൺസിൽ വൈസ് പ്രസിഡണ്ട്, ഗുൽബർഗ രൂപതയുടെ ധനകാര്യ കമ്മിറ്റി അംഗം അടക്കം വിശിഷ്‌ഠ പദവികളും വഹിച്ചുവരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more