1 GBP = 113.26
breaking news

സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം

സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം

“ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുകയാണ് ഉത്ഥിതന്റെ ദൗത്യം”

പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസ്സഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണു പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണവിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകരചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസ്സഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം,

യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more