യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
Apr 15, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന യുക്മ ദേശീയ നിർവാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
പ്രവർത്തന മികവിന്റെ വിജയകരമായ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി പ്രവാസി മലയാളി സംഘടനകൾക്കിടയിൽ തലയെടുപ്പോടെ മുന്നേറുകയാണ്. നൂറ്റി നാല്പതിലേറെ അംഗ അസ്സോസ്സിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസ്സോസ്സിയേഷനുകളുടെ എണ്ണത്തിൽ മാത്രമല്ല വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയും ലോക മലയാളി പ്രവാസി സംഘടനകൾക്ക് മാതൃകയായി മാറിക്കഴിഞ്ഞു.
നാഷണൽ, റീജിയണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളും യു കെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്. യുക്മ ന്യൂസ്, യുക്മ ചാരിറ്റി ഫൌണ്ടേഷൻ (UCF), യുക്മ നഴ്സസ് ഫോറം (UNF), യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യു കെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്. യുക്മ അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസ്സോസ്സിയേഷനുകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ 2025 മെയ് 15 ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതുമാണ്.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ യുക്മയെന്ന, യുകെ മലയാളികൾ നെഞ്ചിലേറ്റിയ മഹാപ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.
click on malayalam character to switch languages