ചെന്നൈ: വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം. ആര്‍ എന്‍ രവിയെ നീക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ അക്കാദമിക് സമൂഹം രംഗത്തെത്തി. സംഭവത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും സിപിഐയും നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മധുരയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നടന്ന പരിപാടിയിലാണ് ആര്‍ എന്‍ രവി വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഞാന്‍ പറയും, നിങ്ങള്‍ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം’ എന്നായിരുന്നു ആര്‍ എന്‍ രവി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
ആര്‍എസ്എസിന്റെ വക്താവാണ് ആര്‍ എന്‍ രവിയെന്നായിരുന്നു ഡിഎംകെയുടെ വിമര്‍ശനം. ഇത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ഡിഎംകെ വക്താവ് ധരണീധരൻ പറഞ്ഞു. ഗവര്‍ണര്‍ എന്തിനാണ് ഭരണഘടന ലംഘിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത്?. എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവെയ്ക്കാത്തത്?. അദ്ദേഹം ഒരു ആര്‍എസ്എസ് വക്താവാണ്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ അദ്ദേഹം എങ്ങനെ ലംഘിച്ചുവെന്നും അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും സുപ്രീംകോടതി അദ്ദേഹത്തിന് കാണിച്ചുകൊടുത്തുവെന്നും നമുക്കറിയാം എന്നും ധരണീധരൻ പറഞ്ഞു.
ഒരു മത പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു മതനേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആസന്‍ മൗലാനയും കുറ്റപ്പെടുത്തി. ‘രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നിലാണ് അദ്ദേഹം. ഒരു മതനേതാവിനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇത് ഈ രാജ്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന മതങ്ങളും വൈവിധ്യമാര്‍ന്ന ഭാഷകളും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുമുണ്ട്. ജയ് ശ്രീറാം വിളിക്കാൻ ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളോട് നിരന്തരം പറയുന്നുണ്ട്. ഇത് അസമത്വം പ്രോത്സാഹിപ്പിക്കുകയാണ്’ എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആസന്‍ മൗലാനയുടെ പ്രതികരണം. ‘ഗവര്‍ണര്‍ ചെയ്യാന്‍ പാടില്ലാത്ത മതപരമായ ചില പ്രത്യയശാസ്ത്രങ്ങളെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരണ ഗുരുവായി മാറിയിരിക്കുന്നു’വെന്നും ആസന്‍ മൗലാന കുറ്റപ്പെടുത്തി.
click on malayalam character to switch languages