ന്യൂയോർക്ക്: കൂട്ടനാടുകടത്തലും കർശനമായ വിസ നിയന്ത്രണവുമായി മുന്നോട്ടുപോകുന്ന ട്രംപ് ഭരണകൂടം വിദേശ വിദ്യാർഥികളെ ആശങ്കയിലാക്കുന്ന പുതിയ നീക്കവുമായി രംഗത്ത്.
യു.എസ് സ്റ്റേറ്റ് കോൺഗ്രസിൽ അവതരിപ്പിച്ച പുതിയ ബിൽ മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യൻ വിദ്യാർഥികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി) വർക്ക് ഓതറൈസേഷൻ ഇല്ലാതാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചതോടെ രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്.ടി.ഇ.എം) വിദ്യാർഥികൾക്ക് ബിരുദം നേടിയ ശേഷം മൂന്ന് വർഷം വരെ യു.എസിൽ തുടരാനും ജോലി കണ്ടെത്താനും അനുവദിക്കുന്ന പ്രോഗ്രാമാണ് ഒ.പി.ടി. 2023-24 അധ്യയന വർഷത്തിൽ യു.എസിൽ മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ഈ വിഭാഗത്തിലുള്ളത്.
ഒ.പി.ടി ഇല്ലാതാക്കിയാല്‍ ജോലിയിൽ കയറാനാവാതെ നാടുവിടേണ്ടിവരുമെന്നതാണ് ആശങ്ക. ഒ.പി.ടി പ്രോഗ്രാമില്‍ തുടര്‍ന്ന ശേഷം മറ്റൊരു വർക്ക് വിസയിലേക്ക് മാറാനുള്ള ഓപ്ഷൻ വിദ്യാഥികള്‍ക്ക് ലഭിക്കില്ല.
എസ്.ടി.ഇ.എം വിഭാഗത്തില്‍ അല്ലാത്ത ബിരുദധാരികൾ നിലവിൽ പഠനം കഴിഞ്ഞ് ഒരു വർഷത്തിനകം യു.എസ് വിടേണ്ടതുണ്ട്. പഠനത്തിനായി പോകുന്നവര്‍ ഒ.പി.ടി പ്രോഗ്രാം ഉപയോഗിച്ച് ജോലി ചെയ്ത ശേഷം സാവധാനം എച്ച്-1ബി വർക്ക് വിസയിലേക്ക് മാറുന്നതായിരുന്നു പ്രവണത.
കഴിഞ്ഞ അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിൽ നിന്നായിരുന്നു. ബാങ്ക് വായ്പയെടുത്ത് യു.എസിൽ പഠനത്തിനായി എത്തുന്നവർക്ക് വർക്ക് വിസയിലേക്ക് മാറാൻ കഴിഞ്ഞില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരിക.
വിദ്യാർഥികള്‍ക്ക് യു.എസില്‍ പഠനം നടത്താനുള്ള ശരാശരി വാര്‍ഷിക ചെലവ് ഏകദേശം 50 ലക്ഷത്തോളം രൂപ വരും. ഭീമമായ തുക മുടക്കി പഠനം നടത്തിയ ശേഷം അവിടെ ജോലി സാധ്യതകള്‍ തേടാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കും.
click on malayalam character to switch languages