യുകെയില്‍ മലയാളത്തിന്റെ താരാഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ; ‘ നിറം 25’ ടിക്കറ്റ് വിതരണ ഉത്ഘാടന ചടങ്ങ് ഗംഭീരമായി ; വന്‍ താര നിരയുമായി നിറം 25 ജൂലൈയില്‍ യുകെ വേദികളിലേക്ക്
Apr 17, 2025
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനിര അണിനിരക്കുന്ന ‘നിറം 25’ പ്രോഗ്രാമിന് അരങ്ങൊരുങ്ങുകയാണ്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ന്യൂപോര്‍ട്ടിലെ ഡഫിന്‍ ആംസില്‍ വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്‍, യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ മൈക്കിളിന് ടിക്കറ്റ് നല്‍കി കൊണ്ട് വിതരണ ഉത്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായ ജെഗി ജോസഫ് (ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ) അജേഷ് പോള്‍ പൊന്നാരത്തിലിന് ടിക്കറ്റ് നല്‍കി.
യുക്മ വെയില്‍സ് റീജ്യണ്‍ പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി. യുക്മ നാഷണല്‍ കമ്മറ്റി മെമ്പര്‍ ബെന്നി അഗസ്റ്റിന്‍ ബിനോയ് ശിവനും ടിക്കറ്റ് നല്‍കി. കെയര്‍ ക്രൂ ഡയറക്ടര്‍ ജെയിംസ് ജോസഫ് ജോഷി തോമസിനും എന്‍കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ അനു പീതാംബരനും ടിക്കറ്റ് നല്‍കി. റിതം ഡയറക്ടര്‍ റിയാന്‍ ജോര്‍ജ് ഷാജു സ്‌കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോബന്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന വന്‍താരനിരയാണ് യുകെയിലെത്തുന്നത്.
റിതം ക്രിയേഷന്റെ ബാനറില്‍ ജൂലൈ നാലാം തീയതി മുതല്‍ നിറം 25 സമ്മര്‍ ലവ് അഫെയര്‍ പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. വേദികളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാന്‍ മികവുള്ള രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, റിമി ടോമി, സ്റ്റീഫന്‍ ദേവസിയും ബാന്‍ഡും, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിവര്‍ അടങ്ങുന്ന വലിയൊരു ടീമാണ് യുകെയിലെ മലയാളി സമൂഹത്തിന്റെ താരാഘോഷത്തില്‍ അണിനിരക്കുന്നത്. യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.
ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്‍. വാക്കുകളില്‍ മാസ്മരികത തീര്‍ത്ത് വേദിയെ ചിരിപ്പിക്കാന്‍ ഒരുപിടി കഥകളുമായി എത്തുന്ന രമേഷ് പിഷാരടിയാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ആയിരക്കണക്കിന് വേദികളെ കീഴടക്കിയിട്ടുള്ള രമേഷ് പിഷാരടി ഏവര്‍ക്കും പ്രിയങ്കരനായ അവതാരകന്‍ കൂടിയാണ്. കാണികളുടെ മനസ്സുകളിലേക്ക് ചാക്കോച്ചന്‍ കുടിയേറിയിട്ട് വര്‍ഷങ്ങളായി. അനിയത്തിപ്രാവും, നിറവും കടന്ന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വരെ എത്തിനില്‍ക്കുമ്പോഴും ചാക്കോച്ചന്‍ എവര്‍ഗ്രീനാണ്. ഇന്നത്തെ യൂത്ത് താരങ്ങള്‍ക്കൊപ്പം ഒരുകൈ നോക്കാന്‍ കഴിയുന്ന യൂത്ത് സ്റ്റാര്‍ ചാക്കോച്ചനും ‘നിറം 25’-ലൂടെ യുകെയുടെ ഹൃദയം കവരും. ഡാന്‍സും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും വ്യത്യസ്ത വേഷങ്ങള്‍ ചെയ്തും ചാക്കോച്ചന്‍ മനസ്സ് കീഴടക്കുകയും, അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഭിനയ മുഹൂര്‍ത്തങ്ങളുടെ അടയാളപ്പെടുത്തലുകളായി മാറുമ്പോഴാണ് യുകെ മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാനുള്ള വരവ്.
വേദികളിലെ ആവേശം എന്നുറപ്പിച്ചു പറയാവുന്ന റിമി ടോമിയും ടീമിലുണ്ട്. ഗായകരില്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഗാനമേളകളിലെ കാണികളുടെ പ്രിയ ഗായികയാണ് റിമി ടോമി. വേദിയെ ഇളക്കിമറിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി റിമിയും വേദിയിലെത്തും.
മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മനസിനെ കീഴടക്കിയിട്ടുള്ള നടിയാണ് മാളവിക മേനോന്‍. മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിട്ടുള്ള താരം നിരവധി മലയാളം തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബാന്‍ഡില്‍ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ, സ്റ്റീഫന്‍ ദേവസിയും ടീമും വേദിയിലുണ്ടാക്കുന്ന വൈബ് വേറെ ലെവലായിരിക്കുമെന്നുറപ്പാണ്. കൗശിക് വിനോദും ശ്യാമപ്രസാദും റിമിയ്‌ക്കൊപ്പം പാട്ടുപാടാന്‍ വേദിയിലെത്തുമ്പോള്‍ കാണികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ ആസ്വദിക്കാമെന്നുറപ്പാണ്. യുകെയിലെ നൂറുകണക്കിന് വേദികളെ കീഴടക്കിയ ഡ്രീം ടീംസും നിറം 25-ലൂടെ സദസ്സിന് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും, ലോ ആന്‍ഡ് ലോയേഴ്‌സും ഡെയ്‌ലി ഡിലൈറ്റും ‘നിറം 25’ന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്. ഷോ ആസ്വദിക്കാനായി എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക..
click on malayalam character to switch languages