ന്യൂഡൽഹി: കോവിഡിന് ശേഷം യാത്രാ ടിക്കറ്റ് വിൽപനയിൽനിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം. അഞ്ച് വർഷത്തെ റെയിൽവേ വരുമാനം സംബന്ധിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം കണക്ക് നൽകിയത്.
2019-2020 സാമ്പത്തിക വർഷത്തിൽ 50,669 കോടി രൂപയായിരുന്ന വരുമാനം 2023-2024ൽ 70,693 കോടിയായി. കോവിഡ് കാലമായ 2020-21ൽ 35,000 കോടിയുടെ കുറവുണ്ടായെങ്കിലും തൊട്ടടുത്ത വർഷം മുതൽ പ്രതിവർഷം 20,000 കോടിയോളം യാത്രാ ടിക്കറ്റ് വിൽപനയിൽ മാത്രം അധികമായി ലഭിച്ചു.
കോവിഡിന് ശേഷം ഏർപ്പെടുത്തിയ ഫ്ലെക്സി നിരക്കുകൾ, പ്രീമിയം തത്കാൽ എന്നിവക്ക് ഉയർന്ന നിരക്കാണ് റെയിൽവേ ഈടാക്കുന്നത്. എന്നാൽ, ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, കാൻസലേഷൻ ചാർജുകൾ എന്നിവയിൽനിന്ന് ലഭിച്ച വരുമാനക്കണക്കുകൾ റെയിൽവേ നൽകിയില്ല. പകരം, സർവിസുകളിൽനിന്ന് ലഭിച്ച മൊത്തം വരുമാനത്തിന്റെ 5.7 ശതമാനമാണ് ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, കാൻസലേഷൻ ചാർജുകൾ എന്നിവയിൽനിന്ന് ലഭിച്ചതെന്ന് മാത്രമാണ് മറുപടി.
കോവിഡ് സമയത്ത് റദ്ദാക്കിയ മുതിർന്ന പൗരന്മാർ അടക്കമുള്ളവരുടെ റിസർവേഷൻ ആനുകൂല്യങ്ങൾ ഒന്നും പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ലെന്നും അധികവരുമാനം ലക്ഷ്യമിട്ടു ജനറൽ കമ്പാർട്ട്മെന്റുകളുടെ എണ്ണം കുറച്ച് സ്ലീപ്പർ ക്ലാസ് കോച്ചുകൾ എ.സി കോച്ചുകളാക്കി മാറ്റിയതും സാധാരണക്കാരുടെ യാത്രകളെ ദുസ്സഹമാക്കിയെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
click on malayalam character to switch languages