ന്യൂപോര്‍ട്ട്: യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്‌മ) വെയില്‍സ് റീജണല്‍ പൊതുയോഗം മാര്‍ച്ച് 29 ശനിയാഴ്ച ന്യൂപോര്‍ട്ടില്‍ ചേരുന്നു. വെയില്‍സ് റീജണിലെ യുക്‌മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. റീജനല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്‌മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒരുങ്ങുകയാണ്.
പുതിയ കമ്മിറ്റി രൂപീകരണത്തോടൊപ്പം, ഈ മേഖലയില്‍ യുക്‌മ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ഈ പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ സ്ഥിരമായി റീജണല്‍ കായിക മത്സരങ്ങളും കലാമേളയും സംഘടിപ്പിക്കും. കായിക മത്സരങ്ങള്‍ വെയില്‍സ് മേഖലയില്‍ സംഘടനകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും വളര്‍ത്തുന്നതിനും വഴിയൊരുക്കും. വെയില്‍സ് മേഖലയിലെ സംഘടനാ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഏകോപിപ്പിക്കാനും വഴിയൊരുക്കുന്ന ഈ പൊതുയോഗത്തില്‍ പങ്കെടുത്ത് പുതിയ ആശയങ്ങള്‍ പങ്കുവെക്കാനും പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള അവസരമാണ് അംഗഅസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ലഭ്യമാവുന്നത്. യുക്മയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ ലിസ്റ്റില്‍ വെയില്‍സ് റീജണില്‍ നിന്നുമുള്ള അസോസിയേഷനിലെ പ്രതിനിധികള്‍ക്കും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് ദേശീയ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ക്കുമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാനാവുന്നത്. യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരോടൊപ്പം വെയില്‍സ് റീജിയന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും പൊതുയോഗത്തില്‍ പങ്കെടുക്കും.
ഈ പൊതുയോഗത്തിലൂടെ, പുതിയ ദിശാബോധത്തോടെയും ശക്തമായ നേത്യത്വത്തോടെയും, വെയില്‍സ് മേഖല യുക്‌മ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാന്‍ ഒരുങ്ങുകയാണ്.
click on malayalam character to switch languages