ലീഡ്സിൽ യുകെ മലയാളി മരണമടഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് ചക്കുപുരക്കൽ ഹരിദാസ് ആണ് മരണമടഞ്ഞത്. 39 വയസ്സുകാരനായ അനീഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവർഷം മുമ്പ് യുകെയിൽ എത്തിയ അനീഷ് ലീഡ്സിൽ എത്തിയിട്ട് ആറ് മാസം മാത്രമേ ആയിരുന്നുള്ളൂ. മുന്‍പ് ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറുന്നത്. തുടര്‍ന്നാണ് അനീഷും കുട്ടികളും യുകെയിലേക്ക് എത്തുന്നത്.
ഭാര്യ ദിവ്യയെയും നാലാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദയെയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അതിത്രിയെയും തനിച്ചാക്കിയാണ് അനീഷ് വിട പറഞ്ഞത്. അനീഷിന്റെ ഭാര്യ ദിവ്യ ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആണ്.
അനീഷിന്റെ മരണവാർത്ത കടുത്ത ഞെട്ടലോടെയാണ് ലീഡ്സിലെയും മറ്റ് യുകെ മലയാളികളും ശ്രവിച്ചത്. ചായ എടുത്തു കൊണ്ടുവരാൻ ഭാര്യ ദിവ്യയോട് പറഞ്ഞതിൻ പ്രകാരം ചായയുമായി എത്തിയപ്പോൾ അനീഷ് കസേരയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാണ് അറിഞ്ഞത്. ലീഡ്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ഉടന്‍ തന്നെ സിപിആര്‍ നല്‍കി അനീഷിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.. ഉടനെ തന്നെ അത്യാഹിത വിഭാഗത്തിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്.
മൃതദേഹം നാട്ടിലെത്തിച്ച് ചടങ്ങുകൾ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും, സേവനം യു കെ ഭാരവാഹികളും കുടുംബത്തിന് എല്ലാവിധ സഹായവുമായി കുടുംബത്തിൻ്റെ ഒപ്പമുണ്ട്.
കുടുംബത്തെ സഹായിക്കുവാൻ കുടുംബത്തിൻ്റെയും, സുഹൃത്തുക്കളുടേയും അഭ്യർത്ഥന പ്രകാരം ലീഡ്സ് മലയാളി അസോസിയേഷൻ, സേവനം യുകെ എന്നിവരുടെ സഹകരണത്തോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഫണ്ട് ശേഖരണത്തിൻ്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://gofund.me/eef76f01
അനീഷിൻെറ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, സെക്രട്ടറി അജു തോമസ്, ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് വിനീതാ എബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
click on malayalam character to switch languages