റോമി കുര്യാക്കോസ്
ബോൾട്ടൻ: ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യത്തിൻ്റെ ഐക്യത്തിന്റെയും ശക്തിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി ഓ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76 – മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി.
ദേശീയതയുടെ പ്രതീകമായ ഇന്ത്യൻ പാതകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിവർണ്ണ കൊടിതോരണങ്ങളും കൊണ്ട് കമനീയമായ വേദിയിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഓ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിന്ദു ഫിലിപ്പ് സ്വാഗതവും ആശംസിച്ചു.
പ്രവാസലോകത്താണെങ്കിലും വളർന്നു വരുന്ന പുതു തലമുറ നമ്മുടെ ദേശീയതയും പാരമ്പര്യങ്ങളായ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക തുടങ്ങിയവയുടെ രൂപവും ശ്രേഷ്ഠതയും പ്രാധാന്യവും മനസിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി റിപ്പബ്ലക് ദിനാചാരണത്തിന്റെ ഭാഗമായി ‘റിപ്പബ്ലിക് ദിന തീം’ ആസ്പദമാക്കി കുട്ടികൾക്കായി ക്രമീകരിച്ച ‘കളറിങ് മത്സരം’ വലിയ പങ്കാളിത്തത്തിൽ നടത്തപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യൻ ദേശീയ പതാകയും ത്രിവർണ്ണ നിറങ്ങളും ചാരുതയോടെ വർണ്ണകൂട്ടുകലായി കുട്ടികളുടെ മനസുകളിൽ ലയിപ്പിക്കാനായി എന്നതും പരിപാടിയുടെ വിജയ ഘടകമായി.
മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കുമായി ഓ ഐ സി സി (യു കെ) – യുടെ ലോഗോ ആലേഖനം ചെയ്ത ട്രോഫികളും മെഡലുകളും മറ്റ് സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.
പ്രതികൂല കാലാവസ്ഥയിലും ബോൾട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. ബോൾട്ടന്റെ സമീപ പ്രദേശമായ അക്റിങ്ട്ടണിലെ ഓ ഐ സി സി യൂണിറ്റിൽ നിന്നുമുള്ള പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.
ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, അക്‌റിങ്റ്റൺ യൂണിറ്റ് പ്രസിഡന്റ് അരുൺ പൗലോസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ബോൾട്ടൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഋഷിരാജ് നന്ദി അർപ്പിച്ചു. സ്നേഹവിരുന്നിനും ദേശീയഗാനാലാപനത്തി നും ശേഷം ചടങ്ങുകൾ അവസാനിച്ചു.
click on malayalam character to switch languages