അധികം അറിയപ്പെടാത്തതും അസാധാരണവുമായ ഒരുപാട് കാര്യങ്ങളുടെ കലവറയാണ് സാക്കിർ ഹുസൈന്റെ ജീവിത യാത്ര. അനുകരിക്കാനാകാത്തവിധം വിചിത്രവും വിസ്മയകരവുമായ ആ ജീവിതത്തിലെ ചില ഏടുകളിലൂടെ ഒരു സഞ്ചാരം. ഏഴാം വയസ്സിൽ അച്ഛനു പകരക്കാരനായി കച്ചേരിയിൽ തബല വായിച്ചുകൊണ്ടുള്ള അരങ്ങേറ്റം, പതിനൊന്നാം വയസ്സിൽ അമേരിക്കയിലേക്കുള്ള സംഗീത സഞ്ചാരം, 22-ാം വയസ്സിൽ 1973-ൽ ലിവിങ് ഇൻ ദ മെറ്റീരിയൽ വേൾഡ് എന്ന പേരിൽ ആദ്യ ആൽബം പുറത്തിറങ്ങി.
ഖുറെഷി എന്ന ആദ്യ പേരിൽ നിന്നും സാക്കിർ ഹുസൈൻ എന്ന പേരിലേക്കുള്ള ചുവടുമാറ്റം തുടങ്ങി തബല മാന്ത്രികന്റെ ജീവിതത്തിലെ ഓരോ ഏടുകളിലുമുണ്ട് ഏറെ വേറിട്ട കാഴ്ചകൾ. തബലവാദകൻ മാത്രമായിരുന്നില്ല സാക്കിർ ഹുസൈൻ. 1983-ൽ ജെയിംസ് ഐവറി സംവിധാനം ചെയ്ത ബ്രിട്ടീഷ് സിനിമയായ ഹീറ്റ് ആന്റ് ഡസ്റ്റിൽ ഇന്ത്യൻ ഗൃഹനാഥനായ ഇന്ദർ ലാൽ എന്ന കഥാപാത്രമായി സാക്കിർ ഹുസൈൻ വേഷമിട്ടു. ഈ സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് സാക്കിർ ഹുസൈനും റിച്ചാർഡ് റോബിൻസും ചേർന്നായിരുന്നു. 1998-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ സാസിൽ ശബാന ആസ്മിയ്ക്കും അരുണ ഇറാനിക്കുമൊപ്പം വേഷമിട്ട സാക്കിർ ഹുസൈൻ ചിത്രത്തിനായി സംഗീതവുമൊരുക്കി.
സമാനതകളില്ലാത്തതാണ് സാക്കിർ ഹുസൈന്റെ തബലയിലെ വൈദഗ്ധ്യം. മുബൈ സെന്റ് സേവ്യേഴ്‌സ് കോളെജിൽ നിന്നും ബിരുദം നേടിയശേഷം പതിനെട്ടാമത്തെ സിത്താർ മാന്ത്രികൻ രവിശങ്കറിനൊപ്പം അമേരിക്കയിൽ കച്ചേരി അവതരിപ്പിച്ചു സാക്കിർ. തബലയെ പക്കവാദ്യം എന്നതിൽ നിന്നും ഒരു പ്രധാന വാദ്യോപകരണമാക്കിയതിൽ സാക്കിറിന് ചെറുതല്ലാത്ത പങ്കുണ്ട്.
ഷാജി എൻ കരുണിന്റെ ക്ലാസിക് ചിത്രമായ വാനപ്രസ്ഥത്തിന് സംഗീതമൊരുക്കിയതും സാക്കിർ ഹുസൈൻ. ലിറ്റിൽ ബുദ്ധ, സാസ്, ദ മിസ്റ്റിക് മാസ്യു, മിസ്റ്റർ ആന്റ് മിസിസ്സ് അയ്യർ, ഇൻ കസ്റ്റഡി തുടങ്ങിയ സിനിമകൾക്കും സാക്കിർ ഹുസൈൻ സംഗീതം പകർന്നിട്ടുണ്ട്. 2010-ൽ വൈറ്റ് ഹൗസിൽ ആൾ സ്റ്റാർ ഗ്ലോബൽ കൺസേർട്ടിനായി പ്രസിഡന്റ് ബരാക് ഒബാമ ക്ഷണിച്ച ഇന്ത്യക്കാരനായ ആദ്യ സംഗീതജ്ഞനും സാക്കിർ ഹുസൈനാണ്. വൈവിധ്യമാർന്ന മേഖലകളിൽ സഞ്ചരിച്ചു സാക്കിർ ഹുസൈൻ, എല്ലായിടത്തും പ്രതിഭയുടെ കൈയൊപ്പു ചാർത്തുകയും ചെയ്തു.
click on malayalam character to switch languages