1 GBP = 112.81
breaking news

വെന്തുരുകിയാലും കടംകയറി മുടിഞ്ഞാലും പണിതീരാത്ത കേരളത്തിലെ ചെറു വൈദ്യുത പദ്ധതികള്‍

വെന്തുരുകിയാലും കടംകയറി മുടിഞ്ഞാലും പണിതീരാത്ത കേരളത്തിലെ ചെറു വൈദ്യുത പദ്ധതികള്‍

സംസ്ഥാനം വേനല്‍ച്ചൂടില്‍ പൊള്ളിത്തുടങ്ങി. പല ജില്ലകളിലും ജാഗ്രത മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനമായ വേനലായിരിക്കും ഇത്തവണയെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത ഉപഭോഗവും അതിനനുസരിച്ച് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ വെല്ലുവിളിയെ നേരിടാന്‍ കേരളം എത്രത്തോളം സജ്ജമാണ് എന്ന് ചിന്തിക്കുന്നതിനൊപ്പം നാം ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഇതുപോലൊരു മാര്‍ച്ചില്‍ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പള്ളിവാസല്‍ എക്‌സ്റ്റന്‍ സ്‌കീമിന്റെ ഉദ്ഘാടനം നടത്താന്‍ പോലും കേരളത്തിന് സാധിച്ചിട്ടില്ല. പള്ളിവാസല്‍ മാത്രമല്ല ഭൂതത്താന്‍ കെട്ട്, വഞ്ചിയം പദ്ധതികളുള്‍പ്പെടെ ഇനിയുമേറെ പദ്ധതികള്‍ ഇഴഞ്ഞുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുകയും നീണ്ടുപോവുകയും ചെയ്യുന്ന ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിനുണ്ടാക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടം മാത്രമല്ല..ഊര്‍ജനഷ്ടം കൂടിയാണ്. പള്ളിവാസല്‍ മുന്‍ പ്രൊജക്ട് മാനേജര്‍ ജേക്കബ് ജോസ് സംസാരിക്കുന്നു.

2007, മാര്‍ച്ച് – ഒന്നാം തീയതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കരാര്‍ അനുസരിച്ച് നാല് വര്‍ഷം കൊണ്ട്, അതായത് 2011 മാര്‍ച്ച് ഒന്നാം തീയതി പണി പൂര്‍ത്തിയാക്കി, കമ്മീഷന്‍ ചെയ്ത് കെഎസ്ഇബിക്ക് കൈമാറണമായിരുന്നു. 17 വര്‍ഷവും 109 ദിവസവും കഴിഞ്ഞ്, ജൂണ്‍ മാസം പതിനെട്ടാം തീയതി, ടണലില്‍ വെള്ളം നിറയ്ക്കാന്‍ തുടങ്ങി. പിന്നീട് 28.08.2024-ന് വിജയകരമായി മെക്കാനിക്കല്‍ സ്പിന്നിങ്ങും നടത്തി. നാലുവര്‍ഷംകൊണ്ട് തീരേണ്ട പ്രോജക്ട് 18 വര്‍ഷവും കടന്നു മുന്നോട്ടു പോയതുകൊണ്ട്, കെഎസ്ഇബിക്കും, സംസ്ഥാന ഖജനാവിനും വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി ഒരു ദിവസം 15 ലക്ഷം യൂണിറ്റ് കറണ്ട് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒരു യൂണിറ്റ് കറണ്ടിന് 5 രൂപ നിരക്കില്‍ കൂട്ടിയാല്‍ പോലും പ്രതിദിന ഉല്‍പ്പാദന നഷ്ടം 75 ലക്ഷം രൂപ. അതോടൊപ്പം ഈ 14 വര്‍ഷത്തെ കാലതാമസത്തിനിടെ ഉണ്ടായ സ്ഥിര ചെലവുകള്‍, സ്റ്റാഫിന്റെ ശമ്പളം, പലിശ തിരിച്ചടവ്, നിര്‍മ്മാണ ചിലവിലെ വര്‍ദ്ധന തുടങ്ങിയവയും ചേര്‍ത്താല്‍ ഒരു ദിവസത്തെ നഷ്ടം ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപ എന്ന് കണക്കാക്കാം. 250 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ചിരുന്നിടത്ത് ഇപ്പോള്‍ നിര്‍മ്മാണ ചെലവ് 600 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.

ഓരോ ദിവസവും നിത്യ ചെലവിന് 100 കോടി രൂപയിലേറെ കടം എടുക്കുന്ന കേരള സര്‍ക്കാരിന് വലിയൊരു ബാധ്യതയാണ് കെഎസ്ഇബി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഈ പദ്ധതി ഒരു ‘അബാന്‍ഡന്‍ഡ് പ്രോജക്ട്’ എന്ന പേരിലായിരുന്നു കെഎസ്ഇബി വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ആ സന്ദര്‍ഭത്തിലാണ് പ്രസ്തുത പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്ടറുടെ പ്രോജക്ട് മാനേജര്‍ ആയിരുന്ന തനിക്ക് കേരള ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. 2017 നവംബര്‍ മാസത്തില്‍, മുടങ്ങിക്കിടക്കുന്ന 8 പദ്ധതികളുടെ കാര്യത്തില്‍ ഇടപെടണം എന്ന് അപേക്ഷിച്ചുകൊണ്ട്, ഒരു പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഡബ്ലിയു.പി.സി. 33239/2017 എന്ന ഹര്‍ജിയില്‍, ഹൈക്കോടതിയുടെ അനുകൂല ഇടപെടല്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പള്ളിവാസല്‍ പദ്ധതി ഏകദേശം പൂര്‍ത്തിയായിരിക്കുന്നത്. ഇനിയും ഭൂതത്താന്‍കെട്ടില്‍ 24 മെഗാവാട്ട് പദ്ധതി, 85 മില്യണ്‍ യൂണിറ്റിന്റെ ചെങ്കുളം ഓഗ്മെന്റേഷന്‍ സ്‌കീം, വഞ്ചിയത്ത് മൂന്ന് മെഗാവാട്ട് പദ്ധതി തുടങ്ങിയവയും പൂര്‍ത്തിയാകാന്‍ ബാക്കിയാണ്. ഇതില്‍ വഞ്ചിയം പദ്ധതി മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു. 1993-ലായിരുന്നു നിര്‍മ്മാണം തുടങ്ങിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more