കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ട്രെയിൻ ആക്രമിച്ച് ബന്ദികളാക്കിയ 182 യാത്രികരിൽ 104 പേരെ മോചിപ്പിച്ചതായി സൈന്യം. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് മോചിപ്പിച്ചത്. ബാക്കിയുള്ളവർക്കായി മോചനശ്രമം തുടരുകയാണ്. 13 ഭീകരരെ വധിക്കുകയും ചെയ്തു. അതേസമയം, 30 പാക് സൈനികരെ വധിച്ചതായി ബി.എൽ.എ അവകാശപ്പെട്ടു.
ബലൂചിസ്താൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി. കച്ചി ജില്ലയിൽ അബെഗം പ്രദേശത്തുവെച്ചാണ് ഇവർ ട്രെയിൻ റാഞ്ചിയത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഒമ്പത് കോച്ചുകളുള്ള ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു.
പാക്കിസ്താനിലും യു.കെയിലും അമേരിക്കയിലും നിരോധിക്കപ്പെട്ട സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ തകർത്തതായും ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്ത് മുഴുവൻ യാത്രക്കാരെയും ബന്ദികളാക്കിയതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാരെ മോചിപ്പിക്കാൻ സൈന്യം സാഹസത്തിന് മുതിർന്നാൽ എല്ലാവരെയും വധിക്കുമെന്ന് സംഘടന ഭീഷണി മുഴക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ ട്രെയിൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സഹായത്തിനായി എമർജൻസി റിലീഫ് ട്രെയിൻ അയച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ആംബുലൻസുകളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തിച്ചേരാൻ പ്രയാസം നേരിട്ടിരുന്നു. ക്വറ്റക്കും പെഷാവറിനുമിടയിൽ ഒന്നരമാസം നിർത്തിവെച്ച ട്രെയിൻ സർവിസ് ഒക്ടോബറിലാണ് പുനരാരംഭിച്ചത്.
click on malayalam character to switch languages