1 GBP = 112.81
breaking news

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നുള്ള വാര്‍ത്തകളാല്‍ ടോളിവുഡില്‍ ആരോപണങ്ങള്‍ നിറയുകയാണ്.

മുതിര്‍ന്ന തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. അടുത്തിടെ ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് മോഹന്‍ബാബു വാര്‍ത്തകളില്‍ ഇടംനേടുന്നത്. അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ ബാബുവിനെതിരെ പുതിയൊരു പരാതി എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തില്‍ മോഹന്‍ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കന്നഡയില്‍ മാത്രമല്ല, തമിഴിലും മലയാളത്തിലും മിന്നിത്തിളങ്ങി നിന്ന താരമാണ് സൗന്ദര്യ. ‘സൂര്യവംശ’ത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി പ്രത്യക്ഷപ്പെട്ട സൗന്ദര്യ ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു.

31 കാരിയായിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് 2004 ഏപ്രില്‍ 17ന് ചെറുവിമാനം തകര്‍ന്നുവീണുള്ള അപകടത്തിലാണ് മരിച്ചത്. കരിംനഗറില്‍ ബിജെപിയുടെയും ടിഡിപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുമ്പോഴായിരുന്നു വിമാനം കത്തിയമര്‍ന്നത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന സൗന്ദര്യയുടെ സഹോദരനും നടി സഞ്ചരിച്ചിരുന്ന അഗ്നി ഏവിയേഷന്റെ പൈലറ്റും മലയാളിയുമായ ജോയ് ഫിലിപ്പടക്കം നാലുപേരുടെ ജീവന്‍ നഷ്ടമായിരുന്നു. ഈ സമയം സൗന്ദര്യ ഗര്‍ഭിണിയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സൗന്ദര്യയുടെ ശരീരഭാഗങ്ങള്‍ പോലും പൂര്‍ണമായി കണ്ടെടുക്കാനായിരുന്നില്ല.

ഇപ്പോള്‍ 22 വര്‍ഷത്തിനുശേഷമാണ് ഈ സംഭവത്തില്‍ നടന്‍ മോഹന്‍ ബാബുവിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നതെന്നാണ് ഒരു കന്നഡ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തുത്തര്‍ക്കമാണ് അപകടത്തിലേക്കും ധാരുണമായ മരണത്തിലേക്കും വഴിവച്ചതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഷംഷാബാദിലെ ജല്‍പള്ളി ഗ്രാമത്തില്‍ സ്വന്തം പേരിലുള്ള ആറേക്കര്‍ ഭൂമി മോഹന്‍ ബാബുവിന് വില്‍ക്കാന്‍ സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും തയാറായില്ലെന്നും ഇത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ബാംഗ്ലൂരിനടുത്തുണ്ടായ ദാരുണമായ വിമാനാപകടത്തിന് ശേഷം മോഹന്‍ ബാബു ഭൂമി വില്‍ക്കാന്‍ സഹോദരങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. വിമാനാപകടത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സൗന്ദര്യ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു.അനാഥാലയങ്ങള്‍, സൈനിക കുടുംബങ്ങള്‍, പൊലീസ് സേന, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിട്ടിമല്ലു എന്നയാളാണ് ഖമ്മം എസിപിക്കും ഖമ്മം ജില്ലാ ഓഫീസര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more