1 GBP = 106.30
breaking news

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു


ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ഒന്നാം വർഷം മെഡിക്കൽ വിദ്യാർഥികളായ ആനന്ദമനു, ഗൗരി ശങ്കർ, കൃഷ്ണദേവ്, മൂഹ്സിൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലർക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാൻ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എടത്വ സ്വദേശി ആൽബിൻ ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആൽബിന് അപകടത്തിൽ തലച്ചോറിലും ആന്തരിക അവയവങ്ങളിലും ക്ഷതമേറ്റിരുന്നു. ഇതോടെ കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആൽബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചു സംസ്കരിച്ചു.

11 വിദ്യാർത്ഥികളായിരുന്നു അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് ഉണ്ടായിരുന്നത്. കാർ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിന് 14 വർഷത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കാറോടിച്ച വിദ്യാർത്ഥി ഗൗരീശങ്കർ ഉടമയ്ക്ക്
ആയിരം രൂപ ഗൂഗിൾ പേ ചെയ്തു നൽകിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഗൗരിശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് ഒഴിവാക്കിയിരുന്നു.

അതേസമയം, വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരിലാണ് വാഹനം നല്കിയതെന്നായിരുന്നു വാഹന ഉടമ ഷാമിൽ ഖാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നൽകിയ മൊഴി. ഉടമ കൊലക്കേസ് പ്രതിക്ക്‌ മുൻപ് വാഹനം വാടകയ്ക്ക് നൽകിയെന്നും എൻഫോസ്മെന്റ് ആർടിഒ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് കാറോടിച്ച ഗൗരീശങ്കർ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിൾ പേ നൽകിയെന്ന പൊലീസ് കണ്ടെത്തൽ. മുൻപിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചും പ്രദേശത്ത് ഇനി അപകടം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more