2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയ്‌ലറി’ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ പ്രമോ ചിത്രീകരണത്തിനായി ഒരുക്കങ്ങൾ നടക്കുകയാണെന്നും, അടുത്ത മാസം അഞ്ചിന് ഷൂട്ടിംഗ് തുടങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജയ്‌ലറിലെ രജനിയുടെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ലോകേഷ് കനകരാജിന്റെ കൂലിയിൽ നിന്നും രജനിയുടെ പിറന്നാളിനോടനുബന്ധിച്ച് അപ്ഡേറ്റുകൾ പ്രതീഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തലൈവർ ആരാധകർക്ക് ഇരട്ടി മധുരമാകും.
അതേസമയം, നേരത്തെ ജയ്‌ലർ 2 വിന് താത്കാലികമായി ‘ഹുക്കും’ എന്ന പേര് നൽകുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായും പിങ്ക് വില്ല അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തലൈവരുടെ 172-ാം ചിത്രമായി ജയ്‌ലർ 2 ഒരുങ്ങുമെന്നാണ് വിവരം. ലോകേഷിന്റെ കൂലിയ്ക്ക് ശേഷം അടുത്ത വർഷം ആദ്യം ജയ്‌ലർ 2 ആരംഭിക്കുമെന്നാണ് സൂചന.
ബാക് ടു ബാക് സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് രജനികാന്ത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയ്യ’നാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ രജനി ചിത്രം. 200 കോടിയ്ക്ക് മുകളിൽ ചിത്രം കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജിനിയ്ക്ക് പുറമേ മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
click on malayalam character to switch languages