1 GBP = 106.82

പൊലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താ സമ്മേളനം, അടിയന്തര നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ് നല്‍കി

പൊലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താ സമ്മേളനം, അടിയന്തര നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ് നല്‍കി

ചേലക്കരയില്‍ വാര്‍ത്താസമ്മേളനം തടഞ്ഞ പൊലീസ് നടപടിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍. വിലക്കുകള്‍ വകവെക്കാതെ വാര്‍ത്താ സമ്മേളനം നടത്തി. പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ അന്‍വറിന് പ്രസ് മീറ്റ് നടത്താനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് വെല്ലുവിളിച്ച അന്‍വര്‍ സംസാരിക്കുകയായിരുന്നു. ചേലക്കര ഹോട്ടല്‍ അരമനയിലാണ് രാവിലെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. ഇലക്ഷന്‍ ടെലികാസ്റ്റിംഗ് പാടില്ല എന്നത് ചട്ടമാണെന്നും ചട്ടം അന്‍വര്‍ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി. നോട്ടീസ് നല്‍കിയിട്ടും വാര്‍ത്താസമ്മേളനം തുടര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി അറിയിച്ചു. അന്‍വറിന് നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മടങ്ങി.

പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആളുകളും ഭീഷണിപ്പെടുത്തുന്നുവെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭീഷണിയുടെ കാലത്തു കൂടിയാണ് കടന്നുപോകുന്നതെന്നും താന്‍ ഒരുതരത്തിലുള്ള പെരുമാറ്റചട്ടവും ലംഘിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസൂഷ്മം പെരുമാറ്റ ചട്ടം പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആളുകളുമായി ഇന്നലെ ഞാന്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്ന് ഡിഎംകെയുടെ പ്രവര്‍ത്തകര്‍ വീട് കയറി നോട്ടീസ് നല്‍കുന്നുണ്ട്. ശബ്ദം മുഖരിതമായ പ്രചരണം അവസാനിപ്പിക്കണം എന്നത് മാത്രമാണ് ചട്ടം. മറ്റൊടങ്ങളില്‍ നിന്ന് വന്നവര്‍ മണ്ഡലത്തിന് പുറത്തു പോകണം എന്നു പറയുന്നത് അലിഖിത നിയമമാണ് അന്‍വര്‍ വ്യക്തമാക്കി.

ഇരുപതിലധികം കേസുകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്‍വര്‍ പറഞ്ഞു. ആശുപത്രിയില്‍ പോയതിന്റെ പേരില്‍ വരെ കേസെടുത്തു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് കേസടുത്തത്. ഇന്നും ഞാന്‍ പോയ ആശുപത്രിയില്‍ ഒരു രോഗിക്ക് ഡയാലിസിസ് മുടങ്ങി. അതിന്റെ പേരില്‍ കേസെടുക്കുകയാണെങ്കില്‍ ആയിക്കോട്ടെ – അദ്ദേഹം പറഞ്ഞു.

ചെറുതുരുത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അന്‍വര്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരോക്ഷ ആരോപണവും ഉന്നയിച്ചു. അവിടെ ക്യാമ്പ് ചെയ്യുന്നത് മരുമകനാണ്. ആര്‍ക്ക് കൊണ്ടുവന്ന പണമാണ് എന്ന് പരിശോധിക്കണം – അന്‍വര്‍ വ്യക്തമാക്കി.

കോളനികളില്‍ സ്ലിപ്പിനൊപ്പം നോട്ടുകെട്ടുകള്‍ കൊടുക്കുന്നുവെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. ആരാണ് കൊടുക്കുന്നത് എന്നതാണ് വിഷയം. കോളനികളുടെ വോട്ടുകളില്‍ ഒരു കുഴപ്പവുമില്ല എന്നാണ് എല്‍ഡിഎഫ് പറഞ്ഞിരുന്നത്. ആഫ്രിക്കയെക്കാള്‍ മോശമാണ് ചേലക്കരയിലെ കോളനികള്‍. കോളനികളില്‍ ഇടതുമുന്നണി പണം കൊടുക്കുന്നു. പണത്തിനു പുറമേ മദ്യം ഒഴുക്കാനാണ് ഇപ്പോഴത്തെ നീക്കം. എല്‍ഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ എന്നോട് ആ കാര്യം പറഞ്ഞു. കൊടുക്കാനുള്ളത് തലേദിവസം കൊടുക്കും എന്നാണ് അവര്‍ പറഞ്ഞത്. മദ്യം കൊടുത്ത് വോട്ടു പിടിക്കാനാണ് നീക്കം -അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഓരോ മുന്നണിയും മൂന്നരക്കോടി രൂപ ചെലവഴിച്ചുവെന്നാണ് ആരോപണം. ഇതില്‍ പരിശോധന വേണമെന്നാണ് ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more