സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള – കെ.സി.ഡബ്‌ളിയൂ ക്രോയ്ഡോൺ (KCW) ചാമ്പ്യന്മാർ; ക്രോളി മലയാളീ കമ്മ്യൂണിറ്റി (CMC) റണ്ണറപ്പ്; ബ്രൈറ്റൺ മലയാളീ അസോസിയേഷന് (BMA) മൂന്നാം സ്ഥാനം!
Oct 19, 2024
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള 2024 – ലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 124 പോയിന്റുമായി കെ.സി.ഡബ്‌ളിയൂ ക്രോയ്ഡോൺ (KCW) ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. തുടർച്ചയായി മൂന്നാം വർഷവും ചാമ്പ്യൻമാരായ KCW വിന് ഇത് ഹാട്രിക് നേട്ടമാണ്!
86 പോയിന്റുമായി ക്രോളി മലയാളീ കമ്മ്യൂണിറ്റി (CMC) കന്നിയങ്കത്തിൽ തന്നെ രണ്ടാം സ്ഥാനം പിടിച്ചെടുത്തു! 75 പോയിന്റുമായി ബ്രൈറ്റൺ മലയാളീ അസോസിയേഷന് (BMA) മൂന്നാം സ്ഥാനം കരസ്ഥമാക്കി!
ഒക്ടോബർ മാസം 12 ശനിയാഴ്ച ക്രോളിയിലെ ഗ്യാറ്റ്‌വിക്ക് സ്കൂളിൽ രാവിലെ ഒൻപതര മണിക്ക് 3 സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിച്ചു. റീജിയണിലെ 15 അസോസിയേഷനുകളിൽ നിന്നും നൂറുകണക്കിന് മത്സരാത്ഥികൾ പങ്കെടുത്ത ഓരോ ഇനത്തിലും പ്രവചനാതീതവും അത്യന്തം ആവേശം പകരുന്നതുമായ മൽസരങ്ങളായിരുന്നു അരങ്ങേറിയത്!
റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് അധ്യക്ഷത വഹിച്ച വർണാഭമായ ഉത്‌ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ഭദ്രദീപം കൊളുത്തി ഉത്‌ഘാടന കർമം നിർവഹിച്ചു. റീജിയണൽ സെക്രട്ടറി ജിപ്സൺ തോമസ് അതിഥികൾക്ക് സ്വാഗത൦ ആശംസിച്ചു. ക്രോളി കൌൺസിൽ ലീഡർ മൈക്കൽ ജോൺസ്, ഡെപ്യൂട്ടി ലീഡർ ആത്തിഫ് നവാസ് എന്നിവർ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള 2024 ന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യുക്മ ദേശീയ സമിതിയംഗം എബ്രഹാം പൊന്നുംപുരയിടം, യുക്മ ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, റീജിയണൽ ട്രെഷറർ സനോജ് ജോസ്, റീജിയണൽ വൈസ് പ്രസിഡന്റ് ഡെന്നിസ് വരിദ്, മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാംസൺ പോൾ, സജി ലോഹിദാസ് എന്നിവരും, ആതിഥേയ അസോസിയേഷൻ പ്രസിഡന്റ് എറിക്‌സൺ ജോസഫും ഉത്‌ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ഭദ്രദീപം കൊളുത്തുകയും ചെയ്തു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഈ കമ്മിറ്റി ഏറ്റെടുത്തു നടത്തുന്ന മൂന്നാമത്തെ കലാമേളയാണിതെന്നും, ഇക്കാലയളവിൽ നടത്തപ്പെട്ട എല്ലാ പരിപാടികൾക്കും ലഭിച്ച നിർലോഭമായ സഹായ സഹകരണങ്ങൾക്ക് യുക്മ ദേശീയ നേതൃത്വത്തിനോടും, റീജിയണനിലെ എല്ലാ അംഗ അസോസിയേഷൻ ഭാരവാഹികളോടും പ്രവർത്തകരോടു൦, മത്സരാർത്ഥികളെ തയ്യാറെടുപ്പിക്കുന്ന മാതാപിതാക്കളോടും, അവരുടെ ഗുരുക്കന്മാരോടും സൗത്ത് ഈസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്റെ സഹപ്രവർത്തകരോടുമുള്ള നിസ്സീമമായ സ്നേഹവും കടപ്പാടും അറിയിച്ചു.
വാശിയും ഉദ്വേഗവും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ, ക്രോളി മലയാളീ കമ്മ്യൂണിറ്റിയിൽ (CMC) നിന്നുള്ള മിഖേല മേരി സന്തോഷ് കലാതിലകം പട്ടം കൈവരിച്ചപ്പോൾ കലാപ്രതിഭയായത് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയിൽ (DKC) നിന്നുള്ള റോഷൻ തെക്കേപറമ്പിൽ റോബർട്ട് ആണ്.
കിഡ്‌സ് വിഭാഗത്തിൽ കെ.സി.ഡബ്‌ളിയൂ ക്രോയ്ഡോൺ (KCW) ൽ നിന്നുള്ള നന്മയ സുനിൽകുമാർ ഇടത്താടൻ വ്യക്തിഗത ചാംപ്യൻഷിപ് കരസ്ഥമാക്കിയപ്പോൾ, സബ്-ജൂനിയർ വിഭാഗത്തിൽ വോക്കിങ് മലയാളീ അസോസിക്കേഷനിൽ (WMA) നിന്നുള്ള ആൻസ്റ്റീന അജിയാണ് ആ നേട്ടം കൈവരിച്ചത്.
ജൂനിയർ വിഭാഗത്തിൽ ക്രോളി മലയാളീ കമ്മ്യൂണിറ്റിയിൽ (CMC) നിന്നുള്ള മിഖേല മേരി സന്തോഷും സീനിയർ വിഭാഗത്തിൽ ഡാർട്ഫോർഡ് മലയാളീ അസോസിക്കേഷനിൽ (DMA ) നിന്നുള്ള അനു ജോസും വ്യക്തിഗത ചാംപ്യൻ പട്ടം കരസ്ഥമാക്കി.
വൈകിട്ട് ഒന്പത് മണിക്ക് തുടങ്ങിയ സമാപന ചടങ്ങിൽ യുക്മ നാഷണൽ ട്രെഷറർ ഡിക്‌സ് ജോർജ് കലാമേളയിൽ രണ്ടാം സ്ഥാനം നേടിയ ക്രോളി മലയാളീ കമ്മ്യൂണിറ്റി (CMC) ക്കുള്ള റണ്ണറപ്പ് ഓവർഓൾ ട്രോഫി വിതരണം ചെയ്തു.
തുടർന്ന്, യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ തുടർച്ചയായി മൂന്നു തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.സി.ഡബ്‌ളിയൂ ക്രോയ്ഡോൺ (KCW) നുള്ള ചാമ്പ്യൻസ് ഓവർഓൾ ട്രോഫി നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സമ്മാനിച്ചു.
സമയബന്ധിതമായി നടത്തിയ ഈ കലാമേള ഒരു വൻ വിജയമാക്കുവാൻ സഹായിച്ച അംഗ അസോസിയേഷൻ ഭാരവാഹികൾക്കും, വോളണ്ടിയേഴ്സിനും, സ്പോൺസർമാർക്കും, വിധികർത്താക്കൾക്കും സ്റ്റേജ് മാനേജർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി റീജിയണൽ ട്രെഷറർ സനോജ് ജോസ് അറിയിച്ചു.
യുക്മ ദേശീയ കലാമേളയ്ക്കായി ആറു വേദികൾ കവിയൂർ പൊന്നമ്മ നഗറിൽ സജ്ജമാകും; മത്സരങ്ങളുടെ സമയക്രമ പട്ടിക പുറത്തിറക്കി; അവസാനവട്ട ഒരുക്കങ്ങളുമായി ദേശീയ സമിതി /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ /
click on malayalam character to switch languages