സ്വന്തം ലേഖകൻ
കർമ്മനിരതമായ പതിനേഴ് പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറ്റിഅൻപതിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി സംഘടനക്ക് നേതൃത്വം നൽകാൻ ഒരു വനിത പ്രസിഡന്റും വനിത സെക്രട്ടറിയും തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി മികവ് തെളിയിച്ച കുമാരി സെബാസ്റ്റ്യൻ ആണ് പുതിയ പ്രസിഡന്റ്. ആദ്യമായി ഭരണസമിതിയിലേക്കെത്തുന്ന ഷജിനി സെബാസ്റ്റ്യൻ ആണ് പുതിയ സെക്രട്ടറി. കഴിഞ്ഞ വർഷം ഭരണസമിതി അംഗമായിരുന്ന മൃദുൽ തോമസ് ആണ് ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
നവാഗതനായ വിവേക് ബാബു വൈസ് പ്രസിഡന്റ് ആയും, മുൻ ജോയിന്റ് സെക്രട്ടറി ലെറിൻ കുഞ്ചെറിയ വീണ്ടും ജോയിന്റ് സെക്രട്ടറിയായും, മുൻ ഭരണസമിതി അംഗം മനു മാത്യു ജോയിന്റ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന ബിനോ ഫിലിപ്പിനെ ഇന്റേണൽ ഓഡിറ്ററായി തെരഞ്ഞെടുത്തു. പൗലോസ് പാലാട്ടി, മനോജ് സി ആർ, സെബിൻ കല്ലറക്കൽ, ഷജില സെബാസ്റ്റ്യൻ, ബിന്ദു ബിജു എന്നിവർ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പ്രവർത്തന വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ വിൻസന്റ് പോളിനെ എക്സ്റ്റേണൽ ഓഡിറ്ററായും തെരഞ്ഞെടുത്തു.
വരുന്ന ഒരുവർഷത്തെ പരിപാടികളെക്കുറിച്ചുള്ള മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു. ജനുവരി 11 ശനിയാഴ്ച ബ്ലൂ കോട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ഭരണസമിതി തീരുമാനിച്ചു.
യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2024 ൽ എത്തിനിൽക്കുമ്പോൾ നൂറ്റിഅൻപതിൽ പരം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.
click on malayalam character to switch languages